മംഗളൂരു: പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ വി ടി രാജശേഖർ അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണപ്പെടുമ്പോൾ 93 വയസ്സായിരുന്നു പ്രായം.
ദലിത്-മുസ്‌ലിം-പിന്നാക്ക ഐക്യത്തിൻ്റെ ശക്തനായ വക്താവായിരുന്നു രാജശേഖർ. ശ്രേണീകൃതമായ ഇന്ത്യൻ ജാതി വ്യവസ്ഥയുടെ കടുത്ത വിമർശകനുമായിരുന്നു അദ്ദേഹം. സവർണ മേധാവിത്വത്തിലടിയുറച്ച ജാതി വ്യവസ്ഥയ്ക്കെതിരേ പൊരുതിയ അംബേദ്കർ മുതൽ അയ്യങ്കാളി വരെയുള്ള ധീര ധിഷണകളുടെ സമകാലീന പിന്മുറക്കാരിൽ പ്രധാനിയാണ് വി ടി രാജശേഖർ. ജാതി വ്യവസ്ഥയുടെ ചൂഷണത്തിനെതിരായ നിരവധി രചനകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഒരു പുരുഷായുസ്സ് മുഴുവൻ ജാതി മേധാവിത്വത്തിനെതിരേ പടപൊരുതിയ രാജശേഖർ 'ദലിത് വോയ്സ്' എന്ന പ്രസിദ്ധീകരണത്തിൻ്റെ സ്ഥാപക പത്രാധിപരാണ്.
രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യൻ എക്സ്പ്രസ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1981 ലാണ് ദലിത് വോയ്സ് ആരംഭിച്ചത്. നിരവധി ദേശീയ, അന്തർദേശീയ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബ്രാഹ്മണിസം: ഫാദർ ഓഫ് ഫാഷിസം, റേഷിസം, നാസിസം, മഹാത്മാഗാന്ധി ആൻഡ് ബാബാ സാഹേബ് അംബേദ്കർ: ക്ലാഷ് ഓഫ് ടൂ വാല്യൂസ്, ദലിത്: ദ ബ്ലാക്ക് അൺടച്ചബ്ൾസ് ഓഫ് ഇന്ത്യ, അപാർത്തീഡ് ഇൻ ഇന്ത്യ: ആൻ ഇൻ്റർനാഷനൽ പ്രോബ്ലം, കാസ്റ്റ് - എ നാഷൻ വിത്ത്ഇൻ ദ നാഷൻ, ഇന്ത്യാസ് മുസ്‌ലിം പ്രോബ്ലം, ഇൻ ഡിഫൻസ് ഓഫ് ബ്രാഹ്മിൻസ് തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ. ഇവയിൽ 'ബ്രാഹ്മണിസം' മലയാളത്തിൽ പരിഭാഷപ്പെടുത്തി തേജസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്ത്യകാലത്ത് മംഗളൂരുവിലെ ശിവബാഗിലായിരുന്നു താമസം.