കേസ് പിന്‍വലിച്ചില്ല; ഗുജറാത്തില്‍ ദലിത് അവകാശപ്രവര്‍ത്തകനെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിച്ചുകൊന്നു

പട്ടികജാതി-വര്‍ഗ നിയമപ്രകാരം ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരേ അമ്രഭായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാത്തതിന്റെ പേരിലാണ് ഈ ക്രൂരകൃത്യം ചെയ്തത്. ചൊവ്വാഴ്ച ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരുസംഘം ആളുകള്‍ വീട്ടിലെത്തി കല്ലും പൈപ്പും ദണ്ഡുമുപയോഗിച്ച് അമ്രഭായിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മകള്‍ നിര്‍മലയെ ഭാവ് നഗര്‍ സര്‍ തക്താസിഞ്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2021-03-04 02:51 GMT

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിത് അവകാശപ്രവര്‍ത്തകനെ ഒരുസംഘം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. ചൊവ്വാഴ്ച ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് സംഭവം. ദലിത് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന അമ്രഭായ് ബോറിച്ച (50) ആണ് കൊല്ലപ്പെട്ടത്. പട്ടികജാതി-വര്‍ഗ നിയമപ്രകാരം ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരേ അമ്രഭായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാത്തതിന്റെ പേരിലാണ് ഈ ക്രൂരകൃത്യം ചെയ്തത്. ചൊവ്വാഴ്ച ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരുസംഘം ആളുകള്‍ വീട്ടിലെത്തി കല്ലും പൈപ്പും ദണ്ഡുമുപയോഗിച്ച് അമ്രഭായിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മകള്‍ നിര്‍മലയെ ഭാവ് നഗര്‍ സര്‍ തക്താസിഞ്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് ആക്രമണം നടത്തിയ പ്രതികള്‍ക്കെതിരേയും മറ്റൊന്ന് ദലിത് അവകാശപ്രവര്‍ത്തകന് സംരക്ഷണം നല്‍കാത്ത പോലിസിനെതിരേയും. 2013 മുതല്‍ പിതാവിനെ കൊല്ലാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ണീരോടെ മകള്‍ നിര്‍മല പറയുന്നു. പോലിസ് ഞങ്ങളെ സഹായിച്ചില്ല. അതുകൊണ്ടാണ് ഞങ്ങളുടെ ഗ്രാമത്തിലെ പ്രബലരായ ജാതിക്കാര്‍ക്ക് ഞങ്ങളുടെ വീട്ടില്‍ക്കയറി പിതാവിനെ വെട്ടിക്കൊല്ലാന്‍ ധൈര്യപ്പെടുന്നത്. 2013ല്‍ ഗ്രാമത്തിലുള്ള ചില 'ഉയര്‍ന്ന ജാതിക്കാര്‍' വീടിന് സമീപത്തുകൂടി പോവുമ്പോള്‍ പിതാവിനെ അധിക്ഷേപിച്ചിരുന്നതായി മകള്‍ പറയുന്നു. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാവുകയും എസ്‌സി/എസ്ടി നിയമപ്രകാരം പിതാവ് പോലിസില്‍ പരാതിയും നല്‍കി.

10 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ജാമ്യത്തിലിറങ്ങിയശേഷം പ്രതികള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിതാവില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചൊവ്വാഴ്ച ദര്‍ബാര്‍ (ക്ഷേത്രീയ) സമുദായത്തില്‍പ്പെട്ട ചിലര്‍ തങ്ങളുടെ വീടിന് മുന്നില്‍ക്കൂടി ഡിജെ സംഗീതം പ്ലേ ചെയ്തുകൊണ്ടുപോയി. ഈ സമയം താനും പിതാവും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. അല്‍പസമയം കഴിഞ്ഞ് മടങ്ങിയെത്തിയ ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവരുടെ കൈയില്‍ പൈപ്പും കല്ലും ദണ്ഡുമുണ്ടായിരുന്നു. രണ്ടുദിവസം മുമ്പും ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നതായും മകള്‍ പറയുന്നു.

ആക്രമണഭീഷണിയുള്ളതിനാല്‍ സ്വയരക്ഷയ്ക്കായി അമ്രഭായ് ആയുധമുപയോഗിക്കാനുള്ള അനുവാദം ചോദിച്ചെങ്കിലും പോലിസ് നിഷേധിച്ചു. ആക്രമണം തടയാന്‍ കഴിവില്ലാത്ത ഹോം ഗാര്‍ഡുകളെ മാത്രമാണ് പോലിസ് അനുവദിച്ചിരുന്നതെന്ന് ദലിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ ആയ നവസര്‍ജന്‍ നേതാവ് അരവിന്ദ് മക്വാന ആരോപിച്ചു. പ്രതികള്‍ക്കെതിരേയും പോലിസിനെതിരേയും രണ്ട് എഫ്‌ഐആറുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഒരുമാസം മുമ്പ് അമ്രഭായിയെ ആക്രമിക്കാന്‍ മറ്റൊരു ശ്രമം നടന്നപ്പോള്‍ താന്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ഘോഗയിലെ സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സോളങ്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് മക്വാന പറഞ്ഞു.

അതേസമയം, ഭാവ്‌നഗര്‍ എസ്പി ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഇതുസംബന്ധിച്ച് ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലിസ് നല്‍കിയ സംരക്ഷണം അപര്യാപ്തമാണെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബം ഒരിക്കലും പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു എസ്പിയുടെ മറുപടി. 2013 ലെ കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ ഞങ്ങള്‍ തന്നെയാണ് ഹോം ഗാര്‍ഡുകളെ അനുവദിച്ചതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ ദലിത് പ്രവര്‍ത്തകര്‍ക്കെതിരായ ആദ്യത്തെ ആക്രമണമല്ല ഇത്. 2020 ഒക്ടോബറില്‍ ഒരു 'ബ്രാഹ്മണ വിരുദ്ധ' ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഒരു ദലിത് അഭിഭാഷക പ്രവര്‍ത്തകനെ പ്രബല ജാതിക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൂടാതെ 2019 ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അഭയം ഹെല്‍പ്പ് ലൈന്റെ പ്രവര്‍ത്തകരായ ഒരുസംഘമാളുകള്‍ ദലിത് യുവാവിനെ കൊലപ്പെടുത്തി. ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു കൊല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇരുവരും വീട്ടിലേക്ക് നടന്നുപോകവെ യുവാവിനെ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.

1998 മുതല്‍ താന്‍ ദലിത് അവകാശങ്ങള്‍ക്കായി പോരാടുകയാണെന്നും തെറ്റായ എഫ്‌ഐആറിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ദലിത് ഇരയെ സഹായിക്കരുതെന്ന് പോലിസില്‍നിന്ന് പോലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മക്വാന ദി ക്വിന്റിനോട് പറഞ്ഞു. ഈ രംഗത്ത് എനിക്കിപ്പോള്‍ നിരവധി വര്‍ഷങ്ങളായി. അതിനാല്‍ ഭയവും അല്‍പ്പം കുറഞ്ഞു.

നേരത്തെ ജാതി ആധിപത്യമുള്ള വീടുകളുള്ള പ്രദേശത്തേക്ക് പോവാന്‍ പോലും എനിക്ക് ഭയമായിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലായ്‌പ്പോഴും സംഘടിക്കും. അത് ഭയപ്പെടുത്തുന്നതായിരുന്നു- മക്വാന കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിശബ്ദതയും കുറ്റവാളികളെ ശിക്ഷിക്കുന്നതിലെ കാലതാമസവും സംസ്ഥാനത്ത് ദലിതര്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാവുന്നുവെന്ന് ദലിത് അവകാശങ്ങള്‍ക്കായി പോരാടുന്ന മറ്റൊരു ആക്ടിവിസ്റ്റ് ഹസ്മുഖ് സക്‌സേന പറഞ്ഞു.

Tags:    

Similar News