ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
സനോദര്‍ ഗ്രാമത്തില്‍ മാര്‍ച്ച് 2ന് ദലിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ച (50) വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേയായിരുന്നു മേവാനിയുടെ പ്രതിഷേധം.
ഗാന്ധിനഗര്‍: ദലിത് വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സോളങ്കിക്ക് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച സ്വതന്ത്ര നിയമസഭാംഗം ജിഗ്‌നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു.
സനോദര്‍ ഗ്രാമത്തില്‍ മാര്‍ച്ച് 2ന് ദലിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ച (50) വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേയായിരുന്നു മേവാനിയുടെ പ്രതിഷേധം.
ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സെഷനില്‍ ചോദ്യോത്തരവേള വെള്ളിയാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെ, സഭ ഇന്നത്തേക്കായി പിരിയാനിരിക്കെ വദ്ഗാം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മേവാനി സംഭവത്തില്‍ ചോദ്യങ്ങളുമായി എഴുന്നേല്‍ക്കുകയായിരുന്നു.
ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജയോടും പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോടും മേവാനി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പകരം, പിഎസ്‌ഐ സോളങ്കിയെ ദലിത് കൊലപാതകക്കേസില്‍ അറസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി മെവാനി ശബ്ദമുയര്‍ത്തുകയും മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ സ്പീക്കര്‍ വീണ്ടും ഇരിക്കാന്‍ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം മേവാനിയെ പുറത്താക്കുമെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍, ഇതിന് വഴങ്ങാത്തതിനെതുടര്‍ന്ന് മേവാനിയെ സഭയില്‍ നിന്ന് ബലമായി നീക്കം ചെയ്യാന്‍ ത്രിവേദി വാച്ച് ആന്റ് വാര്‍ഡുമാരോട് ഉത്തരവിടികയും മേവാനിയെ ഒരു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.