ദലിത് ആക്റ്റിവിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതിഷേധം; ജിഗ്നേഷ് മേവാനി കസ്റ്റഡിയില്‍

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വദ്ഗാം നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ മേവാനിയെയും മറ്റ് 20 ഓളം പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്.

Update: 2021-03-23 14:55 GMT

ഗാന്ധിനഗര്‍: ഘോഘയിലെ ദലിത് വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സോളങ്കിയെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം നടത്തുന്ന നിഷ്‌ക്രിയത്വത്തിനെതിരേ പ്രതിഷേധിച്ച ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനി കസ്റ്റഡിയില്‍.

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വദ്ഗാം നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ മേവാനിയെയും മറ്റ് 20 ഓളം പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗറിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തുന്നതിനു മുമ്പെ പോലിസ് തടയുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പോലിസ് സംരക്ഷണത്തില്‍ കഴിയവേ മാര്‍ച്ച് മൂന്നിന് വീടിനുള്ളില്‍ വെച്ച് ദലിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ച ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭരണകൂടം കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ റാലി സംഘടിപ്പിക്കുമെന്ന് മേവാനി നേരത്തെ അറിയിച്ചിരുന്നു.

സവര്‍ണ ജാതിക്കാരായ ക്ഷത്രിയ വിഭാഗത്തില്‍നിന്നുള്ള ഒരു സംഘം ആളുകള്‍ ബോറിച്ചയെ പൈപ്പുകളും വാളും ഉപയോഗിച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മരണപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നത്. ക്ഷത്രിയ സമൂഹത്തിന്റെ ആധിപത്യമുള്ള സനോദര്‍ ഗ്രാമത്തിലെ ഏക ദലിത് കുടുംബമാണ് ബോറിച്ച കുടുംബം.

ഗുജറാത്ത് സംസ്ഥാന നിയമസഭയുടെ ബജറ്റ് സെഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സോളങ്കിക്കെതിരേ നടപടി എടുക്കണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സോളങ്കിയുമായി ബന്ധമുള്ളത് കൊണ്ടാണോ അയാളെ അറസ്റ്റ് ചെയ്യാത്തതെന്നും മേവാനി സഭയില്‍ ചോദ്യമുന്നയിക്കുകയും അത് കാണിക്കുന്ന പ്ലക്കാര്‍ഡ് സഭയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ സഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മേവാനിയെ ഈ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News