കര്‍ഷക പ്രക്ഷോഭം: ദലിത് ആക്ടിവിസ്റ്റ് നൗദീപ് കൗറിന് ജാമ്യം

പഞ്ചാബ് ഹരിയാന ഹൈക്കോടതികളാണ് കൗറിന് ജാമ്യം അനുവദിച്ചത്.

Update: 2021-02-26 18:57 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഹരിയാന പോലിസ് അറസ്റ്റ് ചെയ്ത ദലിത് സാമൂഹിക പ്രവര്‍ത്തക നൗദീപ് കൗറിന് ജാമ്യം. പഞ്ചാബ് ഹരിയാന ഹൈക്കോടതികളാണ് കൗറിന് ജാമ്യം അനുവദിച്ചത്. ഒരു ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ നിന്നും പണം ആവശ്യപ്പെട്ടെന്നാരോപിച്ച് ഹരിയാനയിലെ സോനിപാത്തില്‍ നിന്നാണ് നൗദീപ് കൗര്‍ അറസ്റ്റിലാകുന്നത്. നൗദീപ് കൗറിന്റെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചെന്നും ഹൈക്കോടതി ജാമ്യം അനുവദിച്ചെന്നും നൗദീപിന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ് അറിയിച്ചു.

ജനിവരി 12ന് സോനിപാത്ത് പോലിസ് അറസ്റ്റ് ചെയ്ത തന്നെ കസ്റ്റഡിയിലിരിക്കേ ക്രൂരമായി മര്‍ദിച്ചതായി നൗദീപ് കോടതിയെ അറിയിച്ചു. തനിക്കെതിരേ ചുമത്തിയ കേസുകള്‍ വ്യാജമാണെന്നും നൗദീപ് കൗര്‍ കോടതിയെ അറിയിച്ചു. 23 വയസുകാരിയായ നൗദീപ് കൗറിനെതിരേ വധശ്രമം, പണം തട്ടല്‍, തുടങ്ങിയ കേസുകളാണ് സോനിപാത്ത് പോലിസ് ചുമത്തിയത്.

സിംഘു അതിര്‍ത്തിയിലെ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് നൗദീപ് കൗറും സമരത്തിനിറങ്ങിയിരുന്നു. സിംഘുവില്‍ കൗര്‍ പ്രസംഗിക്കുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ നൗദീപിനെ പോലിസ് ലൈംഗീകമായി പീഡിപ്പിക്കുകയും, മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് നേരത്തെ കൗറിന്റെ മാതാവ് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News