ഹിമാചലില്‍ മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുന്നു; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍
ഷിംല: ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഹൈക്കമാന്‍ഡിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാന നേതാക്കളെ കണ്ടു. കേന്ദ്ര നിരീക്ഷകരായ ഭൂപേഷ് ബാഗല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവര്‍ ഉച്ചയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തും. സംസ്ഥാനത്തെ സാഹചര്യം വ്യക്തമാക്കുന്ന റിപോര്‍ട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും. റിപോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാവും ഹൈക്കമാന്‍ഡ് അന്തിമതീരുമാനത്തിലേക്ക് എത്തുക. അതിനിടെ, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഹിമാചലിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവും.
സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താനും ആലോചനയുണ്ട്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാലുമണിക്കാണ്. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ് വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയാവാനാണ് സാധ്യത കൂടുതല്‍. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നല്‍കണമെന്നാണ് പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ ആവശ്യം. മാണ്ഡിയിലെ എം പി സ്ഥാനം രാജിവയ്പ്പിച്ച് പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രി ആക്കുന്നതിനോട് ഹൈക്കമാന്‍ഡിന് യോജിപ്പില്ല. നാല് തവണ എംഎല്‍എയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകേഷ് അഗ്‌നിഹോത്രിക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
താക്കൂര്‍, ബ്രാഹ്മണ സമവാക്യവും ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിക്കും. ഹിമാചലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാവും. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക പ്രിയങ്ക ഗാന്ധിയെന്നാണ് സൂചന. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്ന സാഹചര്യത്തിലാണ് നീക്കം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഹിമാചലിലെ വിജയത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശംസ നേടിയ പ്രിയങ്കയെ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതലയും ഏര്‍പ്പിച്ചെന്നാണ് വിവരം.