അസം: ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പുറത്തിറങ്ങി 19 ലക്ഷം പുറത്ത്, സ്ഥിതി അശാന്തം
പട്ടിക പുറത്തിറങ്ങിയതോടെ അസമില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പോലിസ് നിരോധിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ സ്ഥിതി ഏകദേശം കര്‍ഫ്യു നടപടികളിലേക്ക് എത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറങ്ങി. രാവിലെ 10മണിക്ക് എന്‍ആര്‍സിയുടെ വെബ്‌സൈറ്റില്‍ 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 19 ലക്ഷം ജനങ്ങള്‍ രജിസ്റ്ററിന് പുറത്താണ്. അന്തിമ പട്ടിക പുറത്തിറങ്ങിയതോടെ അസമില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പട്ടികയില്‍ നിന്നും പുറത്തായവരെ ഉടനടി നാടുകടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പട്ടികയില്‍ പേരില്ലാത്തവരെ വിദേശികളായി പ്രഖ്യാപിക്കുന്ന നടപടി ഉടനെയുണ്ടാവില്ല. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് നിയമസഹായം ലഭിക്കുമെന്നും വിദേശി ട്രിബ്യൂണലിനെ ഇവര്‍ക്ക് സമീപിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 60 ദിവസം മുതല്‍ 120 ദിവസം വരെ സമയം ഇവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 ട്രിബ്യൂണലുകളാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ വാദങ്ങള്‍ കേള്‍ക്കുക. സംപ്തംബര്‍ മുതല്‍ 200 ട്രിബ്യൂണലുകള്‍ വഴി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, ട്രിബ്യൂണലുകള്‍ തള്ളുന്ന പരാതികളുമായി പൗരന്‍മാര്‍ക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആര്‍ക്കും തടവറകളിലേക്ക് നിലവില്‍ പോകേണ്ടിവരില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
പട്ടിക പുറത്തിറങ്ങിയതോടെ അസമില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പോലിസ് നിരോധിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ സ്ഥിതി ഏകദേശം കര്‍ഫ്യു നടപടികളിലേക്ക് എത്തിയിട്ടുണ്ട്. 60000 അധികം പോലിസുകാരെയും 20000 അര്‍ധ സൈന്യത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി ആശങ്കാജനകമാണ്.
40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായവര്‍. പിന്നീട് 1.02 ലക്ഷം പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പുറത്താക്കി.
1971 മാര്‍ച്ച് 25 എന്ന കട്ട്ഓഫ് ഡേറ്റിന് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായവരില്‍ മിക്കവരും ഈ കട്ട് ഓഫ് ഡേറ്റിനും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി ഉയര്‍ന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിലവില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അസം സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവര്‍ക്കു നേരെ കലാപങ്ങള്‍ നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 1 കോടി 20 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാര്‍ അസമിലുണ്ടെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാന്‍ തീരുമാനിച്ചതെങ്കിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍. പഞ്ചായത്ത് പ്രസിഡന്റ് വിവാഹവേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല എന്ന കാരണം കൊണ്ടുമാത്രം നിരവധി ലക്ഷം സ്ത്രീകള്‍ പട്ടികയ്ക്കു പുറത്തായിട്ടുണ്ട്. കട്ട് ഓഫ് ഡേറ്റിനു ശേഷം അസമിലെത്തിയ ലക്ഷകണക്കിന് ബംഗാളി ഹിന്ദുക്കളും പൗരത്വ ഭീഷണി നേരിടുന്നുണ്ട്. അസമിലെ ബിജെപി നേതാക്കള്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പൗരത്വരജിസ്റ്ററില്‍ പേരില്ലെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് അറുപതുകാരി ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തെസ്പൂരിലെ ദോലാബാരി സ്വദേശിനിയായ ഷയേറ ബീഗമാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. പൗരത്വരജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ 33 പേര്‍ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
2013ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള കുടിയേറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.