സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്; കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം
ചിലയിടത്ത് ആരോഗ്യപ്രവര്‍ത്തകരെ പോലിസ് തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍-7, കോഴിക്കോട്-2, കോട്ടയം-1, മലപ്പുറം-1. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയും അഞ്ചുപേര്‍ വിദേശത്തു നിന്നു വന്നവരുമാണ്. പാലക്കാട്ടെ ഒരാളുടെ ഫലം മാത്രമാണ് ഇന്നു നെഗറ്റീവായത്. അതേസമയം, കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 127പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.
ഇന്നു മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29150 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 28804 പേരും ആശുപത്രികളില്‍ 346 പേരും ഉണ്ട്. ഇന്നുമാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20821 സാംപിളുകള്‍ പരിശോധിച്ചു. 19998 സാംപിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കി.
അതിനിടെ, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. പോലിസ് പരിശോധന ശക്തമാക്കിയതിന്റെ ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. ജില്ലയില്‍ അടക്കം പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അതിര്‍ത്തികളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ചിലയിടത്ത് ആരോഗ്യപ്രവര്‍ത്തകരെ പോലിസ് തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.