ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,619 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,78,769 ആയി ഉയര്‍ന്നു.
1,00,000 പേരില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഏപ്രില്‍ 5നാണ്. ഏപ്രില്‍ 15 ആയതോടെ ആകെ പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
ഏപ്രില്‍ 14നു ശേഷം പ്രതിദിന കൊവിഡ് മരണത്തിലും വര്‍ധനവുണ്ടായി. അന്ന് മാത്രം 1,000 പേരില്‍ കൂടുതല്‍ മരിച്ചു.
24 മണിക്കൂറിനുളളില്‍ 1,28,013 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 19,29,329 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇതേ സമയത്തിനുള്ളില്‍ 1,44,178 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,29,53,821ആയിട്ടുണ്ട്.
സാധാരണ തിങ്കളാഴ്ചകളില്‍ രോഗബാധിതരുടെ എണ്ണം കുറവായാണ് കാണപ്പെടുന്നതെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പല സംസ്ഥാനങ്ങളും ഇതോടകം രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്‍ തിങ്കാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മെയ് മൂന്നു വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക.
ഓക്‌സിജന്‍ നീക്കത്തിനു വേണ്ടി മാത്രം ഇന്ത്യന്‍ റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നടപടി.