തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്-5, മലപ്പുറം-4, ആലപ്പുഴ-2, കോഴിക്കോട്-2, കൊല്ലം, പാലക്കാട്, കാസര്‍കോട്-ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 16ആയി. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. പുതിയ രോഗികളില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗമുണ്ടായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവാനുള്ള സാധ്യതയേറി. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, ഹോം ക്വാറന്റൈന്‍ ലംഘിച്ചതിനു 65 കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു.
ചില ആരാധനാലയങ്ങള്‍ ക്വാറന്റൈന്‍ ലംഘിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചിലയിടത്ത് ഉല്‍സവം നടത്താന്‍ നീക്കം നടത്തുന്നുണ്ട്. അത് പാടില്ല. വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ല. കണ്ടയ്ന്‍മെന്റ് സോണുകളിലുള്ള കടുത്ത നിയന്ത്രണം മറ്റു പ്രദേശങ്ങള്‍ക്ക് ബാധകമല്ല. ക്വാറന്റൈന്‍ നടപടികള്‍ സംസ്ഥാനത്ത് ഫലപ്രദമാണ്. ആരോഗ്യപ്രവര്‍ത്തകരും പോലിസും തുടര്‍ച്ചയായി വിശ്രമരഹിതമായി ജോലി ചെയ്യുന്നത് പ്രശ്‌നമാണ്. ഏതുതരത്തില്‍ വിശ്രമം നല്‍കാനാവുമെന്ന് ആലോചിക്കുന്നുണ്ട്. വാര്‍ഡ് തല സമിതി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ്. അവരും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് ജോലിയില്‍ പ്രയാസമോ മടുപ്പോ ഉണ്ടാവുമ്പോള്‍ അടുത്ത ടീമിനെ നിയോഗിക്കേണ്ടി വരും. സമിതിയില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ അവരുടെ വോളണ്ടിയര്‍മാരാണ് ക്വാറന്റൈനിലുള്ളവരുമായി ബന്ധപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും വരുന്നവരെ കുറിച്ച് വാര്‍ഡ് തല സമിതി വിവരം നല്‍കണം.