സദ്ദാം ഹുസൈന്‍: ബലി പെരുന്നാളിന്റെ ഓര്‍മയില്‍ പോരാട്ട വീര്യം
തൂക്കിലേറ്റാന്‍ നിയോഗിക്കപ്പെട്ട ഡോ. മുഅഫക് അല്‍ റുബായിയോട് കഴുമരം ചൂണ്ടി സദ്ദാം പറഞ്ഞതും ചരിത്രമായി. ''ഇത് ആണുങ്ങള്‍ക്കുള്ളതാണ്''.
2006 ന്റെ ഒടുവിലെ ബലിപെരുന്നാളിന്റെ തലേദിവസം കഴുമരത്തിലേക്ക് ധീരതയോടെ നടന്നടുക്കുമ്പോളും സദ്ദാം ഹുസൈന്റെ പോരാട്ട വീര്യം ഉയര്‍ന്നു നിന്നു. തൂക്കിലേറ്റാന്‍ നിയോഗിക്കപ്പെട്ട ഡോ. മുഅഫക് അല്‍ റുബായിയോട് കഴുമരം ചൂണ്ടി സദ്ദാം പറഞ്ഞതും ചരിത്രമായി. ''ഇത് ആണുങ്ങള്‍ക്കുള്ളതാണ്''.
2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്.
അമേരിക്കയുടെയും ഇടക്കാല സര്‍ക്കാറിന്റെയും തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്ത് വിട്ടതും പ്രതിഷേധത്തിന് ഇടയാക്കി.
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നാതായിരുന്നു സദ്ദാമിനെതിരായ കുറ്റം. 148 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
1979 ല്‍ പ്രസിഡന്റ് പദവിയിലെത്തിയ സദ്ദാം രണ്ട് ദശകത്തിലധികം ആ സ്ഥാനത്ത് തുടര്‍ന്നു. 1991 ലെ കുവൈത്ത് യുദ്ധമാണ് സദ്ദാമിന്റെ കാലത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് ലോകത്തിന്റെ അനുകമ്പ നേടിക്കൊടുക്കുന്നതായിരുന്നു അമേരിക്കയുടെ നടപടി.
അന്യായമായിരുന്നു ഇറാഖ് അധിനിവേശം. അതിലേറെ അന്യായമായിരുന്നു സദ്ദാമിന്റെ കൊലയും.
സത്യത്തില്‍ സ്വേച്ഛാനടപടികളുടെയും സൈനിക പ്രമത്തതയുടെയും പ്രതീകമായി സദ്ദാമിനെ അവതരിപ്പിച്ചപ്പോഴും സദ്ദാം ചെയ്തതൊക്കെ ശരിയായിരുന്നുവെന്ന് തെരുവും ആള്‍ക്കൂട്ടവും വാഴ്ത്തി. അവരില്‍ സ്ത്രീകളും വിദ്യാര്‍ഥികളും വൃദ്ധരുമൊക്കെ ഉണ്ടായിരുന്നു. കൊടിയ ഉപരോധത്തിനും യുദ്ധത്തിനും രാജ്യത്തിന്റെ തകര്‍ച്ചക്കും വരെ ഉത്തരവാദിയെന്ന് വിലയിരുത്തുന്ന ഒരാളോടാണ് ജനങ്ങളുടെ ഈ വീരാരാധന.
ഒരു വ്യാഴവട്ടത്തിന്റെ ഉപരോധം സദ്ദാമിന്റെ ഇറാഖിനുമേല്‍ അടിച്ചേല്‍പിച്ചതാണ്. ഉപരോധം കൊന്നൊടുക്കിയ മനുഷ്യര്‍ക്ക് കണക്കില്ല. ആ പ്രതികൂല നാളുകളിലും മുടങ്ങാതെ റേഷന്‍ വിഹിതം എത്തിക്കാന്‍ കഴിഞ്ഞ സദ്ദാമിനെ കുറിച്ചായിരുന്നു നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്. സൈനിക ലഹരിക്കിടയിലും കുടിവെള്ള സംഭരണികളും കുറ്റമറ്റ റേഷന്‍ സംവിധാനങ്ങളും തകരാതെ കാത്തുപോന്ന രാഷ്ട്രനേതാവില്‍ അവര്‍ ഊറ്റം കൊണ്ടു. ഇറാനുമായി ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധം, ഹലാബ്ജയിലെ കൂട്ടക്കുരുതി, കുവൈത്ത് അധിനിവേശം തുടങ്ങി സദ്ദാമിനെതിരായ കുറ്റപത്രവും വലുതായിരുന്നു.
സദ്ദാമിന്റെ പതനത്തോടെ തകര്‍ന്നത് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സൈനിക രാഷ്ട്രം കൂടിയായിരുന്നു. നാലു ലക്ഷത്തിലേറെ സൈനികര്‍. സൈനിക പരിശീലനം നിര്‍ബന്ധം. രാജ്യത്തെ ഏറ്റവും മികച്ച തൊഴിലാകട്ടെ, സൈനികവൃത്തി എന്നതും. അധികാര രാഷ്ട്രീയത്തിന്റെ ദുഷിച്ച ചേരുവകള്‍ സദ്ദാമിനെയും ഭ്രമിപ്പിച്ചു എന്നത് ചരിത്രം. ചരിത്രം ഇതൊക്കെയാണെങ്കിലും തടവറയിലും യാങ്കികളുടെ ഉറക്കം കെടുത്തിയ സദ്ദാം ഹുസൈന്‍ ഇന്നും സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ വീര പുരുഷന്‍ തന്നേയാണ്.