ഇറാഖിന്റേയും ഒമാന്റേയും ഇടപെടല്‍; ഹജ്ജ് തീര്‍ഥാടനത്തിനിടെ അറസ്റ്റ് ചെയ്ത ഇറാനിയന്‍ തീര്‍ഥാടകനെ സൗദി മോചിപ്പിച്ചു

കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം കഅബയ്ക്ക് സമീപം ഉയര്‍ത്തി ആ ദൃശ്യം ട്വീറ്റ് ചെയ്തതിന് ജൂലൈ പകുതിയോടെയാണ് ഇറാനിയന്‍ പൗരനായ ഖലീല്‍ ഡാര്‍ഡ്മണ്ട് അറസ്റ്റിലായത്.

Update: 2022-10-02 17:47 GMT
ഇറാഖിന്റേയും ഒമാന്റേയും ഇടപെടല്‍;  ഹജ്ജ് തീര്‍ഥാടനത്തിനിടെ അറസ്റ്റ് ചെയ്ത  ഇറാനിയന്‍ തീര്‍ഥാടകനെ സൗദി മോചിപ്പിച്ചു

റിയാദ്: ജൂലൈയില്‍ ഹജ്ജ് തീര്‍ഥാടനത്തിനിടെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്ത ഇറാനിയന്‍ തീര്‍ഥാടകനെ ഇറാഖിന്റെയും ഒമാനിന്റെയും മധ്യസ്ഥതയെ തുടര്‍ന്ന് റിയാദ് വിട്ടയച്ചതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍അബ്ദുള്ളാഹിയാനെയും ഇറാഖി, ഒമാനി പ്രതിനിധികളേയും ശനിയാഴ്ച പ്രത്യേക കോളുകളിലൂടെ ഇക്കാര്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം കഅബയ്ക്ക് സമീപം ഉയര്‍ത്തി ആ ദൃശ്യം ട്വീറ്റ് ചെയ്തതിന് ജൂലൈ പകുതിയോടെയാണ് ഇറാനിയന്‍ പൗരനായ ഖലീല്‍ ഡാര്‍ഡ്മണ്ട് അറസ്റ്റിലായത്. ജൂണ്‍ 30നാണ് ചിത്രം ട്വീറ്റ് ചെയ്തത്. ജൂലൈ 13ന് തീര്‍ത്ഥാടകര്‍ കഅബയെ പ്രദക്ഷിണം വയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്.

ഇറാനിയന്‍ പൗരനെ മോചിപ്പിക്കണമെന്ന് ടെഹ്‌റാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ച് സൗദി അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് 5ന്, അറസ്റ്റിന് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം, ഇറാന്റെ ഉന്നത നയതന്ത്രജ്ഞന്‍ അമീര്‍അബ്ദുള്ളാഹിയാന്‍ തന്റെ ഇറാഖ് നയതന്ത്രജ്ഞനായ ഫുആദ് ഹുസൈനോട് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇറാഖ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ട് ഗള്‍ഫ് അയല്‍ക്കാര്‍ക്കിടയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നു. ഇതുവരെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

Tags:    

Similar News