തീവണ്ടിക്കള്ളന്‍മാര്‍ പെരുകുന്നു; 10 വര്‍ഷത്തിനിടെ 1.71 ലക്ഷം മോഷണം
ഒരുദിവസം 19000 ട്രെയിനുകളിലായി 1.30 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് തീവണ്ടികളിലെ മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1.71 ലക്ഷത്തിലേറെ യാത്രക്കാരാണ് മോഷണത്തിനിരയായതെന്നു റെയില്‍വേ മന്ത്രാലയത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2009 മുതല്‍ 2018 വരെ മോഷണത്തിന്റെ കണക്ക് അഞ്ചുമടങ്ങ് വര്‍ധിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മോഷണം നടന്നത് 2018ലാണ്-36584. 2017ല്‍ 33,044, 2016ല്‍ 22,106, 2015ല്‍ 19,215, 2014ല്‍ 14,301, 2013ല്‍ 12,261, 2012ല്‍ 9292, 2011ല്‍ 9653, 2010ല്‍ 7549, 2009ല്‍ 7,010 എന്നിങ്ങനെയാണ് ട്രെയിനുകളില്‍ മോഷണത്തിനും കവര്‍ച്ചയ്ക്കും ഇരയായെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിലുള്ളത്. ആകെ 1,71,015 കേസുകളാണ് 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യാത്രക്കാരുടെ പണവും മറ്റും മോഷ്ടിച്ചതിനു 73,837 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത് 2015ല്‍ 13,546 , 2016ല്‍ 19,800, 2017ല്‍ 18,526, 2018ല്‍ 20,566 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തവരുടെ എണ്ണം. 2019 ജനുവരിയില്‍ 1399 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു.
ദിനേന 2200 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നീ തസ്തികയിലുള്ള 2200 ഓളം സുരക്ഷാ സേനയെയാണ് വിനിയോഗിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. ലോകത്ത് തന്നെ രണ്ടാംസ്ഥാനത്താണ് ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥാനം. ഒരുദിവസം 19000 ട്രെയിനുകളിലായി 1.30 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത്. ഇന്ത്യയില്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിനെ സെന്‍ട്രല്‍, ഈസ്റ്റ് സെന്‍ട്രല്‍, ഈസ്റ്റ് കോസ്റ്റ്, വെസ്‌റ്റേണ്‍, നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍, നോര്‍ത്ത് വെസ്‌റ്റേണ്‍, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍, നോര്‍ത്തേണ്‍, സൗത്ത് സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍, സൗത്ത് ഈസ്‌റ്റേണ്‍, സതേണ്‍, വെസ്റ്റ് സെന്‍ട്രല്‍, വേസ്‌റ്റേണ്‍ തുടങ്ങി 16 മേഖലകളാക്കി തിരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കു പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര-സംസ്ഥാന പോലിസ് സേനകള്‍ സൗഹാര്‍ദ്ദപൂര്‍വം പെരുമാറുമെന്നും കഴിഞ്ഞ ജനുവരിയില്‍ റെയില്‍വേ സുരക്ഷ സംബന്ധിച്ച പരിപാടിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നെങ്കിലും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഇപ്പോഴും കടലാസില്‍ തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.