'ബോംബ് വയ്ക്കാന്‍ പോവുകയാണോ'; മാധ്യമപ്രവര്‍ത്തകന് നേരേ റെയില്‍വേ പോലിസിന്റെ കൈയേറ്റവും അസഭ്യവര്‍ഷവും

Update: 2022-05-12 05:28 GMT

കൊല്ലം: മാധ്യമപ്രവര്‍ത്തകന് നേരേ റെയില്‍വേ പോലിസിന്റെ കൈയേറ്റവും അസഭ്യവര്‍ഷവും. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 'വര്‍ത്തമാനം' ദിനപത്രത്തിന്റെ എഡിറ്റര്‍ വി കെ ആസിഫലിക്ക് നേരെയാണ് റെയില്‍വേ പോലിസിന്റെ അതിക്രമമുണ്ടായത്. ബോംബ് വയ്ക്കാന്‍ പോവുകയാണോ എന്ന് ചോദിച്ചാണ് പോലിസ് പരസ്യമായി ആസിഫലിയെ അപമാനിച്ചത്. സിവില്‍ പോലിസ് ഉദ്യോഗസ്ഥരുടെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും തടഞ്ഞുവച്ച് കൈയേറ്റവും നടന്നത്. കുറ്റക്കാരായ റെയില്‍വേ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വി കെ ആസിഫലി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ചൊവ്വാഴ്ച കൊല്ലത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് പോവാനെത്തിയ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ട് യാത്രക്കാരുടെ മുന്നിലിട്ട് അപമാനിച്ചശേഷം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കോഴിക്കോടേക്കുള്ള ട്രെയിന്‍ കയറാന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ലഗേജുകളുമായി പോകവെ വി ജി വൈശാഖ് എന്ന സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നുപോവുമ്പോള്‍ തന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍

''എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂനിഫോമിട്ട് ഇവിടെ നില്‍ക്കുന്നതെന്ന്''എന്നായിരുന്നു പോലിസിന്റെ മറുപടി. മറ്റ് യാത്രക്കാരുടെ മുന്നിലിട്ട് അപമാനിച്ചശേഷം ബലമായി റെയില്‍വേ പോലിസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. അവിടെ ആര്‍ എസ് രഞ്ജു എന്ന സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലംഗ പോലിസ് സംഘം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രഞ്ജു തന്റെ കോളറില്‍ കയറിപ്പിടിച്ച് കുറ്റവാളിയെപ്പോലെ വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ചുചുവരിലേക്ക് തള്ളി. വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു.

എസ്‌ഐയും പോലിസുകാരും കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തി. മൊബൈലില്‍ റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചുഞെരിച്ച് ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന ഐഡി ബാഗില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇത് നീ എവിടുന്ന് സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറിവിളികള്‍. കേരളാ സര്‍ക്കാര്‍ നല്‍കിയ ഐഡിയാണെന്നും അതിക്രമത്തിനെതിരേ പരാതി കൊടുക്കുമെന്നും പറഞ്ഞപ്പോള്‍ വീണ്ടും തെറി വിളിയായി. പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നായിരുന്നു വധഭീഷണി.

എന്റെ ട്രെയിന്‍ പോവുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ബോംബ് വയ്ക്കാന്‍ പോവുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാമെന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നുനോക്കി. അതിനിടെ ട്രെയിന്‍ പോയി. തുടര്‍ന്നാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. കഴുത്തില്‍ ബലമായി പിടിച്ചുവച്ചത് കാരണം നല്ല കഴുത്തുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ വച്ച് താന്‍ അപമാനിതനായി. തന്നെ ഉപദ്രവിക്കുകയും അസഭ്യവര്‍ഷം നടത്തുകയും തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും തടഞ്ഞുവയ്ക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News