യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; മുസ് ലിം യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
റിഹാന്‍(31), സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാന്‍ ചികില്‍സക്കിടെ മരിക്കുകയായിരുന്നു.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ് ലിം യുവാക്കള്‍ക്ക് നേരെ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് രണ്ട് മുസ് ലിം യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുപി പോലിസ് അറിയിച്ചു.
ഞായറാഴ്ച്ചയാണ് ആള്‍ക്കൂട്ട ആക്രമണം അരങ്ങേറിയത്. റിഹാന്‍(31), സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാന്‍ ചികില്‍സക്കിടെ മരിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വീടിന്റെ മതിലിനരികില്‍ മൂത്രമൊഴിക്കുന്നതിനിടെ തന്റെ ഭര്‍ത്താവ് റിഹാനെയും സുഹൃത്ത് ഷാരൂഖിനേയും വീട്ടുടമസ്ഥന്‍ തടഞ്ഞുവെക്കുകയായിരുന്നെന്നും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നും റിഹാന്റെ ഭാര്യ സബ പറഞ്ഞു.
'സംശയാസ്പദമായ സാഹചര്യത്തില്‍ പിടിയിലായ തന്റെ ഭര്‍ത്താവ് മര്‍ദനമേറ്റ്ആശുപത്രിയിലാണെന്ന് പോലിസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ റിഹാന്‍ അബോധാവസ്ഥയിലായിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബറേലിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ട് പോകുന്നതിനിടെ റിഹാന്‍ മരിക്കുകയായിരുന്നു'. അവര്‍ പറഞ്ഞു.
'വീട്ടുടമസ്ഥന്‍ നന്ദന്‍ സിങും സഹായികളുമാണ് തന്റെ ഭര്‍ത്താവിനേയും സുഹൃത്തിനേയും മര്‍ദിച്ചത്. എന്നിട്ട് മോഷണ കുറ്റം ചാര്‍ത്തി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം'. സബ പറഞ്ഞു.
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബറേലി എസ്എസ്പി സങ്കല്‍പ്പ് ശര്‍മ പറഞ്ഞു. സംശയാസ്പദ സാഹചര്യത്തിലാണ് റിഹാനെയും സുഹൃത്ത് ഷാരൂഖിനെയും നന്ദന്‍ സിങും സഹായികളും പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ക്രൂരമായി മര്‍ദനമേറ്റ യുവാക്കളെ പോലിസ് രക്ഷിക്കുകയായിരുന്നു. റിഹാന്റെ ഭാര്യയുടെ പരാതിയില്‍ ഐപിസി 307, 323 വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും റിഹാന്‍ കൊല്ലപ്പെട്ടതോടെ മുന്നൂറ്റിരണ്ടാം വകുപ്പ്(കൊലപാതകം) ചേര്‍ത്തതായും പോലിസ് അറിയിച്ചു. മുഖ്യപ്രതി നന്ദന്‍ സിങിനെ റിമാന്റ് ചെയ്തതായും പോലിസ് അറിയിച്ചു. മറ്റു പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.