രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 200 ആയി; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 54 രോഗികള്‍ വീതം
77 രോഗികള്‍ സുഖം പ്രാപിച്ചതായാണ് കണക്ക്. തെലങ്കാന (20 കേസുകള്‍), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ അനുദിനം വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 200 ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. ഇവിടങ്ങളില്‍ 54 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ഇന്ത്യയില്‍ കണ്ടെത്തിയത് മുതല്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് രോഗികളുടെ കുതിച്ചുചാട്ടം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 30 കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഒരുദിവസത്തിനുള്ളില്‍ 24 കേസിന്റെ വര്‍ധന രേഖപ്പെടുത്തിയത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം പടരുന്ന വൈറസ് ആയതുകൊണ്ടുതന്നെ കേസുകള്‍ വരും ദിവസങ്ങളില്‍ ഉയരുമോയെന്ന ആശങ്കയിലാണ് ആരോഗ്യമന്ത്രാലയം. 77 രോഗികള്‍ സുഖം പ്രാപിച്ചതായാണ് കണക്ക്. തെലങ്കാന (20 കേസുകള്‍), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
#Unite2FightCorona#LargestVaccineDrive#OmicronVariant
— Ministry of Health (@MoHFW_INDIA) December 21, 2021
𝗖𝗢𝗩𝗜𝗗 𝗙𝗟𝗔𝗦𝗛https://t.co/vTu6Vo7SsW pic.twitter.com/ziYAPUSgyw
ഒമിക്രോണ്‍ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒമിക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചുവരികയാണ്. കൊവിഡ് പരിശോധനയ്ക്കാവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,326 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇത് 581 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ്.
രാജ്യത്ത് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 3.48 കോടിയാണ്.രാജ്യത്ത് ഇപ്പോള്‍ 79,097 സജീവ കേസുകള്‍ ഉണ്ട്. ഇത് 574 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 453 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4.78 ലക്ഷമായി ഉയര്‍ന്നു. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഡല്‍ഹിയില്‍ ഞായറാഴ്ച 107 കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ആറ് മാസത്തിന് ശേഷമാണ് കേസുകള്‍ 100 കടന്നത്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളോട് പരിഭ്രാന്തരാവരുതെന്ന് അഭ്യര്‍ഥിക്കുകയും കേസുകളുടെ വര്‍ധനവ് നേരിടാന്‍ സര്‍ക്കാര്‍ മതിയായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഉറപ്പുനല്‍കുകയും ചെയ്തു. പലരും മാസ്‌ക് ധരിക്കുന്നില്ല. കേസുകള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് തങ്ങളുടെ പരിശോധന ഒഴിവാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.