ഗുജറാത്തില്‍ ബസ് മറിഞ്ഞ് 21 മരണം; 50ഓളം പേര്‍ക്കു പരിക്ക്
സ്വകാര്യ ആഡംബര ബസ്സാണ് അപകടത്തില്‍പെട്ടതെന്നും 70ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും സീനിയര്‍ പോലിസ് ഓഫിസര്‍ അജിത് റജിയാന്‍ പറഞ്ഞു.
ഗാന്ധിനഗര്‍: നോര്‍ത്ത് ഗുജറാത്തിലെ ബനസ്‌കന്ദയില്‍ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 21 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര ദര്‍ശനത്തിനു 70ലേറെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കനത്ത മഴ കാരണം മലയോര പ്രദേശത്തു നിയന്ത്രണം വിടുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വകാര്യ ആഡംബര ബസ്സാണ് അപകടത്തില്‍പെട്ടതെന്നും 70ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും സീനിയര്‍ പോലിസ് ഓഫിസര്‍ അജിത് റജിയാന്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 53 പേരെ ജീവനോടെ ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഹ്മദാബാദില്‍നിന്ന് 160 കിലോമീറ്റര്‍ അകലെ അംബാജി-ദാന്ത ദേശീയപാതയില്‍ ത്രിശൂലി ഘട്ടിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും അഗാധ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഇരുവരും അനുശോചനം അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രാദേശിക ഭരണകൂടങ്ങള്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.