കേരളത്തിലെ 21 നദികള്‍ അതീവ മലിനമയം

നദീജലങ്ങളിലെ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് പരിശോധിച്ചാണ് രാജ്യത്തെ 351 നദികള്‍ മലിനമാണെന്ന് സ്ഥിരീകരിച്ചത്

Update: 2019-11-28 11:45 GMT
കേരളത്തിലെ 21 നദികള്‍ അതീവ മലിനമയം

ന്യൂഡല്‍ഹി: കേരളത്തിലെ ആകെയുള്ള 44 നദികളില്‍ 21ഉം അപകടകരമാം വിധം മലിനീകരിക്കപ്പെട്ടതായി കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയ. രാജ്യത്ത് 351 നദികള്‍ ഹാനികരമായ വിധം മലിനീകരണത്തിന് വിധേയമായെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക മാലിന്യങ്ങളാണ് നദികളിലേക്കെത്തുന്ന മാലിന്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്. നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലവും വ്യാവസായിക മാലിന്യങ്ങളും നദിയില്‍ ചേരുന്നത് നദികളെ വലിയതോതില്‍ മലിനമാക്കുന്നുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കീഴില്‍ നദീജലങ്ങളിലെ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് പരിശോധിച്ചാണ് രാജ്യത്തെ 351 നദികള്‍ മലിനമാണെന്ന് സ്ഥിതീകരിച്ചത്. നദികള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരേ 1986ലെ പരിസ്ഥിതി നിയമപ്രകാരവും 1976ലെ ജലമലിനീകരണ നിയന്ത്രണ നിയമ പ്രകാരവും കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തില്‍ കരമന, ഭാരതപ്പുഴ, കടമ്പയാര്‍, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കല്ലായി, കരുവന്നൂര്‍, കവ്വായി, കുറ്റിയാടി, മൊഗ്രാല്‍, പെരിയാര്‍, പെരുവമ്പ, പുഴക്കല്‍, രാമപുരം, തിരൂര്‍, ഉപ്പള തുടങ്ങിയ നദീതടങ്ങള്‍ അതീവ മലിനീകരണ വിധേയമാണെന്നാണ് കണ്ടെത്തല്‍. മലിനീകരണം തടയുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുമായി ചേര്‍ന്ന് പ്രവൃത്തിക്കുന്നുണ്ട്. രാജ്യത്തെ ഭൂപ്രകൃതി 25 നദീതടങ്ങളായി തരംതിരിച്ചിരിക്കുകയാണ്. മഴലഭ്യത നീരൊഴുക്കിനെ സാരമായി ബാധിച്ചതായി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ടി എന്‍ പ്രതാപന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.




Tags:    

Similar News