ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ത്തത് 26 പേരെ, സുബൈര്‍ വധക്കേസില്‍ 9 പേര്‍ മാത്രം; കേരള പോലിസിന്റെ ആര്‍എസ്എസ് പ്രീണനം മറനീക്കി പുറത്ത്

സമീപകാലത്തായി കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പോലിസ് മതം നോക്കിയാണ് നടപടിയെടുക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടേയാണ് രണ്ട് കൊലപാതക കേസുകളിലെ കുറ്റപത്രത്തിലെ വിവേചനം എന്നതും ശ്രദ്ധേയമാണ്.

Update: 2022-07-13 13:29 GMT

പാലക്കാട്: മാസങ്ങളുടെ ഗൂഢാലോചനക്കൊടുവില്‍ ആര്‍എസ്എസ് ആസൂത്രിതമായി പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് പ്രതിചേര്‍ത്തത് ഒമ്പത് പേരെ മാത്രം. സുബൈര്‍ വധത്തിന്റെ തൊട്ടടുത്ത ദിവസം നടന്ന ശ്രീനിവാസന്‍ വധക്കേസില്‍ 26 പേരെ പ്രതി ചേര്‍ത്ത പോലിസാണ് ആര്‍എസ്എസ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. സുബൈര്‍ വധത്തിന് തലേദിവസം പാലക്കാട് ജില്ലയില്‍ എത്തിയ ആര്‍എസ്എസ്-ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സമീപകാലത്തായി കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പോലിസ് മതം നോക്കിയാണ് നടപടിയെടുക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടേയാണ് രണ്ട് കൊലപാതക കേസുകളിലെ കുറ്റപത്രത്തിലെ വിവേചനം എന്നതും ശ്രദ്ധേയമാണ്.

ശ്രീനിവാസന്‍ വധക്കേസില്‍ 26 പേരേയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. 279 സാക്ഷികളും 293 രേഖകളും 282 തെളിവുകളും ഹാജരാക്കി. 1607 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 26 പ്രതികളില്‍ 25 പേരും അറസ്റ്റിലായി.

അതേസമയം, പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റായിരുന്ന സുബൈറിനെ രണ്ട് കാറുകളിലെത്തി കൊലപ്പെടുത്തിയ കേസില്‍ 9 പേരെ മാത്രമാണ് അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. ഒമ്പത് പേരും ചേര്‍ന്ന് അഞ്ചിടങ്ങളിലായി നടത്തിയ ഗൂഢോലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ അറസ്റ്റിലായ ഒമ്പത് പേരും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവില്‍വീട്ടില്‍ എസ് സുചിത്രന്‍ (32), ആര്‍എസ്എസ് ജില്ലാ കാര്യകാര്യദര്‍ശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ഗിരീഷ് (41), മണ്ഡലം കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസില്‍ ആര്‍ ജിനീഷ് (കണ്ണന്‍-24), എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എന്‍ വി ചള്ള ആറുമുഖന്‍ (37), മരുതറോഡ് ആലമ്പള്ളം ശരവണന്‍ (33), ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു (മൊണ്ടി മനു-31), കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടില്‍ ശ്രുബിന്‍ലാല്‍(30) എന്നിവരാണ് പ്രതികള്‍.

971 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ് ഷംസുദ്ദീന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെ 167 സാക്ഷികളുണ്ട്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ കേസിന്റെ ഭാഗമായി ഹാജരാക്കി.

ആലപ്പുഴയില്‍ നടന്നതിന് സമാനമായാണ് പാലക്കാടും ആര്‍എസ്എസ് സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിന്റെ തലേദിവസവും ആര്‍എസ്എസ് സംസ്ഥാന നേതാവ് ജില്ലയില്‍ എത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരു കേസിലും പ്രതിയല്ലാത്ത എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ ആര്‍എസ്എസ് സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി, സംഘാടക സമിതി ചെയര്‍മാന്‍ ഉള്‍പ്പടെ 31 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യം പോലും അനുവദിക്കാതെ 43 ദിവസം ജയിലടച്ചു. അതേസമയം, മുസ് ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ വിദ്വേഷം പ്രസംഗങ്ങള്‍ നടത്തിയ ആര്‍എസ്എസ്-ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലും പോലിസ് തയ്യാറായില്ല. കടുത്ത വര്‍ഗീയത മാത്രം പ്രസംഗിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശി കലക്കെതിരേ 153 എ പ്രകാരം പോലിസ് കേസെടുത്തെങ്കിലും വര്‍ഷങ്ങളായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായ നടന്ന ഹിന്ദുത്വ സമ്മേളനത്തിലും മുസ് ലിംകള്‍ക്കെതിരേ വെറുപ്പും വര്‍ഗീയതയും പ്രസംഗിച്ചു. പ്രാസംഗികരെല്ലാം വര്‍ഗീയ പ്രസംഗം നടത്തിയിട്ടും സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ല. ഹിന്ദു സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തത് പോലും ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്. എന്നാല്‍, അറസ്റ്റിലായ പി സി ജോര്‍ജിന് തൊട്ടടുത്ത ദിവസം തന്നെ ജാമ്യം ലഭിക്കാനുള്ള അവസരവും പോലിസ് ഒരുക്കിക്കൊടുത്തു.

Tags:    

Similar News