കശ്മീരില്‍ മണ്ണിടിച്ചില്‍; പോലിസുകാരനടക്കം നാല് മരണം, ആറുപേര്‍ക്ക് പരിക്ക്

Update: 2022-10-30 06:13 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ രാറ്റല്‍ ജലവൈദ്യുതി പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ പോലിസുകാരനടക്കം നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ മണ്ണിടിച്ചില്‍ ജെസിബി ഡ്രൈവര്‍ കുടുങ്ങി. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഇതോടെ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടു.

നാലുപേരുടേയും മൃതദേഹം പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പദ്ധതി പ്രദേശത്തിനരികെയുള്ള ലിങ്ക് റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കയായിരുന്നു തൊഴിലാളികള്‍. പെട്ടന്ന് വലിയ പാറകള്‍ ഉരുണ്ടുവീഴുകയും തൊഴിലാളികള്‍ അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവ്‌നാശ് യാദവ് പിടിഐയോട് പറഞ്ഞു. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരു അസിസ്റ്റന്റ് എസ്‌ഐയും ജെസിബി ഓപറേറ്ററുമടക്കം നാല് പേര്‍ മരിക്കുകയായിരുന്നു. മനോജ് കുമാര്‍ എന്ന ജെസിബി ഓപറേറ്ററാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരെ ദോദയിലെ മെഡിക്കല്‍ കോളജിലേക്കും രണ്ടു പേരെ താത്രി ആശുപത്രിയിലേക്കും ഒരാളെ ജമ്മുവിലേക്കും ചികില്‍സയ്ക്കായി കൊണ്ടുപോയി.

സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതേസമയം, അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണറുടെ റിപോര്‍ട്ട് ലഭിച്ചെന്നും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ട്വിറ്ററില്‍ കുറിച്ചു. ജില്ലാ ഭരണകൂടവുമായും പോലിസുമായും താന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമനുസരിച്ച് കൂടുതല്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News