ഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം

Update: 2022-08-04 11:17 GMT

ഇരിട്ടി: ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചു. റബ്ബർ കർഷകർക്കാണ് കൂടുതലായി നാശനഷ്ടമുണ്ടായത്.

152 കർഷകരുടെ 3,500 റബ്ബർ മരങ്ങൾ നശിച്ചു. ഇതിൽ 2000 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 62.5 ലക്ഷം രൂപയുടെ നഷ്ടം റബ്ബർ കർഷകർക്കുണ്ടായി.

42 കർഷകരുടെ 6000 കശുമാവുകൾ നശിച്ചു. 60 ലക്ഷം രൂപയുടെ നാശനഷ്ടം. 164 വാഴ കർഷകരുടെ 6000 കുലച്ച വാഴകളും 4000 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 52 ലക്ഷത്തിന്റെ നാശനഷ്ടം. 82 കേരകർഷകരുടെ 1500 തെങ്ങുകൾ നശിച്ചു. കുലച്ച 750 തെങ്ങുകളും ഒരു വർഷത്തിലേറെ പ്രായമുള്ള 750 തൈകളും ഉൾപ്പടെ 45 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്.

134 കർഷകരുടെ 3,000 കവുങ്ങുകൾ നശിച്ചു. 8.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ 1500 എണ്ണം കുലച്ചതും 1500 എണ്ണം തൈകളുമാണ് നശിച്ചത്. 76 കർഷകരുടെ 4,000 ഹെക്ടർകിഴങ്ങു വിളവർഗങ്ങൾ നശിച്ചു. 1.16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇതിൽ 42 മരച്ചീനി കർഷകരുടെ രണ്ട് ഹെക്ടർ കൃഷി നശിച്ചതിൽ 26000 രൂപയുടെ നാശനഷ്ടമുണ്ടായി. 79 കുരുമുളക് കർഷകരുടെ 6,000 വള്ളി കുരുമുളക് കൃഷി നശിച്ചു. 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

Tags:    

Similar News