പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്.
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുംവഴി നില വഷളായി. ഇതെത്തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ടപിടിച്ച പാടുകളുണ്ടായിരുന്നെന്ന് പോലിസ് പറയുന്നു. ഒരുദിവസം മുമ്പ് അടികൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു പോലിസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനു ശേഷമായിരിക്കും തുടര്‍നടപടിയെന്നും പോലിസ് അറിയിച്ചു.
മരണത്തെക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയര്‍ന്നതിനാല്‍ ഇന്‍ക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്ന് പോലിസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരുവര്‍ഷമായി കൊല്ലം ചാത്തന്നൂരില്‍ ചിറക്കരയിലാണ് കുടുംബം വാടകയ്ക്കു താമസിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ടുവയസ്സുള്ള ഒരു കുട്ടികൂടിയുണ്ട്. നഴ്‌സാണ് രമ്യ. സംഭവം അറിഞ്ഞെത്തിയ പിതാവ് ആശുപത്രിയില്‍ ബോധരഹിതനായി വീണു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.