നോട്ട് നിരോധനം: രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്

ബെംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

Update: 2019-04-17 08:47 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നാലെ രണ്ടു വര്‍ഷം കൊണ്ട് 50 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപോര്‍ട്ട്. ബെംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ജോലി നഷ്ടമായത്. തൊഴിലില്ലായ്മ രൂക്ഷമായത് 2016 നവംബറിനുശേഷമാണ്. മോദി 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത് 2016 നവംബര്‍ 8ന് ആയിരുന്നു. നോട്ട് നിരോധനമാണ് തൊഴില്‍ കുറയാന്‍ കാരണമെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും പഠനത്തില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ നീക്കത്തിനു പിന്നാലെയാണ് തൊഴില്‍ നഷ്ടം വര്‍ധിച്ചതെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2018ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ആറു ശതമാനമായി. 2000-2010 കാലയളവില്‍ ഉണ്ടായ നിരക്കിന്റെ ഇരട്ടിയാണിത്. 2016ന് ശേഷമാണ് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായത്. 20-24 പ്രായങ്ങള്‍ക്കിടയിലുള്ളവരിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ളത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നഗരഗ്രാമ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും തൊഴില്‍ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.സ്ത്രീകളുടെ കാര്യത്തില്‍ തൊഴില്‍ നഷ്ടം വളരെ ഉയര്‍ന്ന തോതിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

2011ന് മുന്‍പ് തൊഴിലില്ലായ്മ വളരെയധികം വര്‍ധിച്ചിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കളും തൊഴിലില്ലാത്തവരുടെ ഗണത്തില്‍പ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് പിന്നെയും തൊഴില്‍ ലഭിച്ചപ്പോള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ ചെയ്യാനുള്ള അവസരങ്ങളും കുറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും അസംഘടിത മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. നോട്ട് നിരോധനം തൊഴില്‍ കുറയാന്‍ കാരണമായോ എന്നതിനേക്കാള്‍ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടന്‍തന്നെ നയപരമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017-18 വര്‍ഷത്തിലെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപോര്‍ട്ട് ഈ വര്‍ഷമാദ്യം ചോര്‍ന്നിരുന്നു. 2017 ജൂലൈ -2018 ജൂണ്‍ കാലയളവില്‍ ദി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ റിപ്പോര്‍ട്ടില്‍ 6.1% ആണ് തൊഴിലില്ലായ്മയുടെ നിരക്ക്. 1972-73 കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍ ഈ റിപോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒരു ദേശീയ മാധ്യമമാണ് ഈ വിവരം ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. അതേസമയം, റിപ്പോര്‍ട്ട് ശരിയാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. കണക്കുകളുടെ കൃത്യതയും ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കെ നേരത്തെ പുറത്തു വന്ന പ്രീ പോള്‍ സര്‍വേകളിലെല്ലാം രാജ്യത്തെ തൊഴിലില്ലായ്മയാണ് കൂടുതല്‍ വോട്ടര്‍മാരെയും ആശങ്കപ്പെടുത്തുന്നതെന്ന് അഭിപ്രായം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടുനിരോധനത്തെ കുറിച്ചുള്ള പുതിയ റിപോര്‍ട്ട്.

Tags:    

Similar News