നോട്ട് നിരോധനം തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ ന്യായ് പദ്ധതി മറികടക്കും: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തും
ബെംഗളൂരു: നോട്ട് നിരോധനം കൊണ്ട് മോദി തകര്‍ത്ത രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 'ന്യായ്' പദ്ധതിയിലൂടെ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൈസൂരുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഗം. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചു. ഫാക്ടറികള്‍ അടച്ചുപൂട്ടി. തൊഴിലില്ലായ്മ വര്‍ധിച്ചു. ന്യായ് പദ്ധതിയിലൂടെ നിങ്ങള്‍ക്ക് പണം തരും. പണം കിട്ടുന്നതോടെ നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം. അതോടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിക്കും. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തും. ഒരുവര്‍ഷം കൊണ്ട് തന്നെ സര്‍ക്കാര്‍ ജോലികളിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും. 10 ലക്ഷം യുവാക്കള്‍ക്ക് പഞ്ചായത്തുകളില്‍ തൊഴില്‍ ലഭിക്കും. രാജ്യത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം പേര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രായോഗികമായി നടപ്പാക്കാനാവും. ദാരിദ്ര്യത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ മിന്നലാക്രമണമാണിത്. മോദിക്ക് രാജ്യത്തെ അതിസമ്പന്നര്‍ക്ക് പണം നല്‍കാമെങ്കില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും രാജ്യത്തെ എറ്റവും പാവപ്പെട്ടവര്‍ക്ക് പണം നല്‍കാനാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.