നോട്ട് നിരോധന ശേഷം തൊഴിലില്ലായ്മ വര്‍ദ്ധിച്ചു; റിപ്പോര്‍ട്ട് പൂഴ്ത്തി കേന്ദ്രം
മോദി ഭരണ കാലത്ത് തൊഴിലില്ലായ് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് റിപ്പോര്‍ട്ട്.നോട്ട് നിരോധനം നടപ്പില്‍ വന്ന 2017-18 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനം ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: നോട്ട് നിരോധന ശേഷം രാജ്യത്തെ തൊഴിലില്ലായ്മ ഭീതിതമായി തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. മോദി ഭരണ കാലത്ത് തൊഴിലില്ലായ് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫിസ് നടത്തിയ ലേബര്‍ ഓഫിസ് സര്‍വെയിലാണ് ഈ കണക്കുകള്‍ പുറത്തു വന്നത്. നോട്ട് നിരോധനം നടപ്പില്‍ വന്ന 2017-18 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനം ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയ ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ഇത്തരത്തിലുള്ള ആദ്യ സര്‍വേയായിരുന്നു ഇത്. ജൂലൈ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 1972-73 കാലഘട്ടത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്ത ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് മോദി ഭരണ കാലഘട്ടത്തിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2011-12 കാലയളവില്‍ തൊഴിലില്ലായ്മ 2.2% ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ യുവാക്കള്‍, സ്ത്രീകള്‍, വിദ്യാസമ്പന്നര്‍ എന്നിവര്‍ക്കിയിലെ തൊഴിലില്ലായ്മ തോതും വര്‍ദ്ധിച്ചിട്ടുണ്ട്.
ആകെ ജനസംഖ്യ കണക്കെടുത്താലും ഈ നിരക്ക് വളരെ കൂടുതലാണെന്നും സര്‍വെ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 2011-12 കാലഘട്ടത്തിലെ അഞ്ച് ശതമാനത്തില്‍ നിന്നും 17.4 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 13.6 ശതമാനമായും കൂടി. നഗരമേഖലകളിലെ നിരക്ക് ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പുരുഷന്‍മാര്‍ 18.7%, സ്ത്രീകള്‍ 27.2% എന്നിങ്ങനെയാണ് ഇവിടുത്തെ നിരക്ക്.
2004-2005 കാലഘട്ടത്തെ വച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസ കൂടുതലുള്ള ആളുകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ 17.3 ശതമാനവും പുരുഷന്‍മാരില്‍ 10.5 ശതമാനവും തൊഴിലില്ലാത്തവരാണ്. 2007-2005 മുതല്‍ 201112 കാലഘട്ടം വരെ യഥാക്രമം 3.5%, 4.4% എന്നിങ്ങനെയായിരുന്നു ഈ നിരക്ക്.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പുറത്ത് വന്ന ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര്യ ഉദ്യോഗസ്ഥര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.