അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; 130 മരണം, 250 പേര്‍ക്ക് പരിക്ക്
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാബൂള്‍: അഫ്ഗാനിസ്താനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. ഇവിടെ 100 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഭരണകൂടത്തിന്റെ ദുരന്തനിവാരണ അതോറിറ്റി തലവന്‍ മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു.
Notable quake, preliminary info: M 6.1 - 44 km SW of Khōst, Afghanistan https://t.co/4ORKfdDXIR
— USGS Earthquakes (@USGS_Quakes) June 21, 2022
കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ കൂടാന്‍ കാരണമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ കാബൂളിന് തെക്ക് നഗരമായ ഖോസ്റ്റ് പട്ടണത്തിന് തെക്ക്പടിഞ്ഞാറ് 44 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.