'ഡല്‍ഹിയിലെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടു'; കൂടുതല്‍ വെളിപ്പെടുത്തലുമായി ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ആം ആദ്മി. ബിജെപിയുടെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി സമീപിച്ചതായി 12 എംഎല്‍എമാര്‍ വ്യക്തമാക്കി എന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. 40 എംഎല്‍എമാര്‍ക്ക് 20 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച ആം ആദ്മി പാര്‍ട്ടി, ഇത് കള്ളപ്പണം ആണെന്നും ഇതിനെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉടന്‍ പുറപ്പെടുമെന്നും ഓപ്പറേഷന്‍ താമരയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഗാന്ധി സ്മാരകത്തില്‍ പ്രാര്‍ത്ഥിക്കും എന്നുമാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി പിളര്‍ത്താന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം നല്‍കിയതടക്കമുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നതിനിടെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ആം ആദ്മി രംഗത്തെത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ആം ആദ്മി നേതാക്കളെ വരുതിയിലാക്കാനും ശ്രമം നടക്കുന്നുണ്ട്. മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരേയും ആം ആദ്മി ആരോപണം ഉന്നയിച്ചു. ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒപ്പം നിന്നാല്‍ മുഖ്യമന്ത്രിപദം നല്‍കാമെന്നും, കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്നും ബിജെപിയില്‍നിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.
സിബിഐയും ഇഡിയും ആം ആദ്മി നേതാക്കള്‍ക്കെതിരേ നടപടി ശക്തമാക്കിയിട്ടുണ്ട്. മദ്യനയ കേസില്‍ സിബിഐ, ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ ഇടപെടലാണെന്നും അത് പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാര്‍ട്ടി വിടുക, ബിജെപിയില്‍ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്താന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാല്‍ താനെന്നും കെജ്‌രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.