ഡല്‍ഹി സര്‍ക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ഗവര്‍ണര്‍; ലോ ഫ്‌ലോര്‍ ബസ് വാങ്ങിയതില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടിക്കെതിരായ കുരുക്കു മുറുക്കുന്നു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെതിരായ അന്വേണഷത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍. ലോഫ്‌ലോര്‍ ബസുകള്‍ വങ്ങിയതിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐക്ക് ശുപാര്‍ശ. 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. മദ്യനയ കേസില്‍ ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആണ് സിബിഐ കേസെടുത്തത്. ഡിടിസിയുടെ 1,000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐക്ക് പരാതി കൈമാറാനുള്ള നിര്‍ദ്ദേശത്തിന് ഡല്‍ഹി ഗവര്‍ണര്‍ വി കെ സക്‌സേന അംഗീകാരം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡിടിസി മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ബസ്സുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ഗതാഗത മന്ത്രിയെ നിയമിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടെന്‍ഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതി അവകാശപ്പെട്ടിരുന്നു.
1,000 ലോ ഫ്‌ലോര്‍ ബിഎസ്IV, ബിഎസ്VI ബസുകള്‍ക്കായുള്ള 2019 ജൂലൈയിലെ സംഭരണ ബിഡിലും ലോ ഫ്‌ലോര്‍ ബിഎസ്VI ബസുകളുടെ വാങ്ങലിനും വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനുമായി 2020 മാര്‍ച്ചില്‍ നല്‍കിയ മറ്റൊരു കരാറിലും ക്രമക്കേടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് അഭിപ്രായം തേടാനും ശുപാര്‍ശകള്‍ തേടാനും ജൂലൈ 22 ന് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഓഗസ്റ്റ് 19 ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സക്‌സേന ഇപ്പോള്‍ സിബിഐക്ക് പരാതി നല്‍കിയത്. സിബിഐ ഇതിനകം തന്നെ ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
2021 ജൂണില്‍ ബസുകള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച ഐഎഎസ് ഓഫിസര്‍ ഒപി അഗര്‍വാളിന്റെ (റിട്ട) നേതൃത്വത്തിലുള്ള കമ്മിറ്റിയും ടെന്‍ഡറിങ്ങിലും നടപടിക്രമങ്ങളിലും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി വിഷയം സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചില്ല.