അഭയ കൊലക്കേസ്: ഫാദര്‍ കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

സിസ്റ്റര്‍ അഭയ പയസ് തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവ പര്യന്തം കഠിന തടവ്. തോമസ് കോട്ടൂരിന് 5 ലക്ഷം പിഴയും ചുമത്തി.

Update: 2020-12-23 06:45 GMT

പിസി അബ്ദുല്ല

തിരുവനന്തപുരം: കോട്ടയം ബിസിഎം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ പയസ് ടെന്ത് കോണ്‍വെന്റില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം കഠിന തടവ്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി ഫാ.തോമസ് എം കോട്ടൂരിനെതിരേ ഐപിസി 302 കൊലപാതകം, ഐപിസി 201 തെളിവു നശിപ്പിക്കല്‍, ഐപിസി 449 കൊലപാതകം നടത്തണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരണാണ് ശിക്ഷ. കൊലപാതകത്തിനും അതിക്രമിച്ചു കടന്നതിനും ഇരട്ട ജീവപര്യന്തമാണ് ഫാ. കോട്ടൂരിന് ശിക്ഷ. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കെതിരെ ഐപിസി 302,201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിച്ചത്. തെളിവു നശിപ്പിക്കലിന് രണ്ടു പ്രതികള്‍ക്കും ഏഴു വര്‍ഷം വീതവും തടലു ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

രണ്ടു പ്രതികളും അഞ്ചു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഫാ. കോട്ടൂരിന് ഒരു ലക്ഷം കൂടി അധിക പിഴ ചുമത്തി. താന്‍ നിരപരാധിയാണെന്നും അര്‍ബുദ രോഗവും പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഫാ. കോട്ടൂര്‍ കോടതിയോട് ആവശ്യപ്പെട്ടു. സ്ത്രീ എന്ന പരിഗണനയില്‍ ശിക്ഷ കുറക്കണമെന്നായിരുന്നു സിസ്റ്റര്‍ സെഫിയുടെ ആവശ്യം. എന്നാല്‍, പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ട കേസില്‍ വൈദികനും കന്യാസ്ത്രീയും ശിക്ഷിക്കപ്പെടുന്നത് ആദ്യ സംഭവമാണ്.

1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനും സഭയുടെ സംഘടിത അട്ടിമറികള്‍ക്കുമൊടുവിലാണ് കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

പൊതു സമൂഹം ഉറ്റു നോക്കിയ കേസില്‍ ക്‌നാനായ കത്തോലിക്കാ സഭ ഇനിയും ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയിട്ടില്ലാത്ത പ്രധാന പുരോഹിതനും മുതിര്‍ന്ന കന്യാസ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് സിബിഐ കേസ്.

2019 ഓഗസ്റ്റ് 26ന് ആണ് അഭയ കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണ ആരംഭിച്ച ശേഷവും പല തവണ തടസ്സപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചു. കത്തോലിക്കാ സഭയുടെ സംഘടിതമായ എതിര്‍പ്പുകള്‍ മറികടന്ന് തിരുവനന്തപുരം കോടതിയില്‍ സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചപ്പോള്‍ ഒന്‍പത് നിര്‍ണ്ണായക സാക്ഷികള്‍ കൂറുമാറി. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷണം നടത്താന്‍ കയറിയ അടക്കാ രാജുവിന്റെ സാക്ഷി മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Tags:    

Similar News