അഗ്രീന്‍കോ അഴിമതി: എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്
പ്രതികള്‍ക്കെതിരേ ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കണ്ണൂര്‍: കണ്ണൂരിലെ കേരളാ സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ 77 കോടിയുടെ അഴിമതി നടത്തിയെന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈ എസ്പി മാത്യുരാജ് കള്ളിക്കാടന്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഗ്രീന്‍കോ ജനറല്‍ മാനജേര്‍ പള്ളിക്കുന്ന് പൗര്‍ണമി ഹൗസില്‍ പി വി ദാമോദരന്‍ ഒന്നാം പ്രതിയും ചെയര്‍മാന്‍ എം കെ രാഘവന്‍ മൂന്നാം പ്രതിയുമായാണ് എഫ് ഐആറിലുള്ളത്. അഗ്രീന്‍കോ എംഡി കാക്കനാട് പലമുകള്‍ ഗ്രീന്‍വുഡ്‌സ് വില്ല നമ്പര്‍ 19ല്‍ ബൈജു രാധാകൃഷ്ണനാണ് മൂന്നാംപ്രതി. ബാക്കിയുള്ള 10 പേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. ഭരണസമിതി അംഗങ്ങളായ പി കെ രാജന്‍, വി എം മോഹനന്‍, രഘുനാഥ് ചെറിയത്ത്, പി പി ശ്രീനിവാസന്‍, പലക്കലോടി ചാക്കോ, വി എസ് ഹരീന്ദ്രനാഥ്, എം വി ശ്രീജിത്ത്, ടി ബാബുരാജ്, വി വി പ്രകാശ്, ഫിലോമിന ജോസ് എന്നിവരാണ് മറ്റു പ്രതികള്‍.
സ്ഥാപനത്തിനു സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്റ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരേ ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2002 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് ക്രമക്കേടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അഗ്രീന്‍കോയില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സഹകരണ വിഭാഗം നടത്തിയ ഓഡിറ്റിങ്ങിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സഹകരണ വിജിലന്‍സ് പരിശോധന നടത്തുകയും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.