ആലോക് വര്‍മ രാജിവച്ചു; സ്വാഭാവിക നീതി നിഷേധിച്ചു

തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാണ് ആലോക് വര്‍മയുടെ ആരോപണം. ഡിഒപിടി സെക്രട്ടറി ചന്ദ്രമൗലിക്കെഴുതിയ കത്തില്‍, സ്വഭാവിക നീതി നിഷേധിച്ച് കൊണ്ട് തന്നെ മാറ്റിയ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത്.

Update: 2019-01-11 10:06 GMT

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ആലോക വര്‍മ ജോലി രാജിവച്ചു. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അദ്ദേഹത്തെ ഫയര്‍ സര്‍വീസ് ഡിജി ആയി നിയമിച്ചിരുന്നു. എന്നാല്‍, പകരം നിയമനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാണ് ആലോക് വര്‍മയുടെ ആരോപണം. ഡിഒപിടി സെക്രട്ടറി ചന്ദ്രമൗലിക്കെഴുതിയ കത്തില്‍, സ്വഭാവിക നീതി നിഷേധിച്ച് കൊണ്ട് തന്നെ മാറ്റിയ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത്. ഉന്നതാധികാര സമിതിയെ ഉപയോഗിച്ച് സിബിഐയെ സര്‍ക്കാര്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് തന്നെ നീക്കിയ നടപടിയെന്നും കത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ചൊവ്വാഴ്ച സുപ്രിംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ചുമതലയേറ്റ ആലോക് വര്‍മ സിബിഐയില്‍ നിര്‍ണായക അഴിച്ചുപണികള്‍ നടത്തിവരവെയാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കിയത്. റാഫേല്‍ കേസുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന് കുരുക്കാവുന്ന എഫ്‌ഐആര്‍ ആലോക വര്‍മ തയ്യാറാക്കുമെന്ന ഭീതിയാണ് അടിയന്തര നടപടിക്ക് ഇടയാക്കിയത്.

താല്‍ക്കാലിക സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു തന്റെ വിശ്വസ്തരെ സ്ഥലംമാറ്റിയ ഉത്തരവുകള്‍ പൂര്‍ണമായും റദ്ദാക്കുകയാണ് ആലോക് വര്‍മ ആദ്യം ചെയ്തത്. പിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണം പുതിയ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേ സമയം, സിബിഐയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷണവുമായി മുന്നോട്ടു പോവാമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് നജിമി വാസിരി വിസമ്മതിച്ചു.  

Tags:    

Similar News