അലോക് വര്‍മയെ വിടാതെ പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതികാര നടപടികളുമായി ആഭ്യന്തരമന്ത്രാലയം
പുതിയ പദവിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച അലോക് വര്‍മയുടെ മുഴുവന്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിടിച്ചുവയ്ക്കാനും അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: ഫയര്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ജനറല്‍ പദവി സ്വീകരിക്കാന്‍ വിസമ്മതിച്ച സിബിഐ മുന്‍ മേധാവി അലോക് വര്‍മയ്‌ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര അഭ്യന്തരമന്ത്രാലയം.രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് നിന്ന് നീക്കിയതിനു പിന്നാലെയാണ് ജൂലൈ 31ന് വിരമിക്കാനിരിക്കുന്ന അലോക് വര്‍മയെ ഫയര്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്. പുതിയ പദവിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച അലോക് വര്‍മയുടെ മുഴുവന്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിടിച്ചുവയ്ക്കാനും അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്ന് മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
സിബിഐ മേധാവിയെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ച പൂര്‍ണതയ്ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതി ഈ മാസം ആദ്യത്തിലാണ് അലോക് വര്‍മയെ പദവിയില്‍നിന്ന് നീക്കിയത്. തുടര്‍ന്ന് ഫയര്‍ സര്‍വീസസിലെ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിയമിക്കുകയായിരുന്നു.
എന്നാല്‍, ജോലിയില്‍ പ്രവേശിക്കാതെ റിട്ടയര്‍മെന്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹം രാജി സമര്‍പ്പിക്കുകയായിരുന്നു. അതേസമയം, അദ്ദേഹത്തിനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്നും മുതിര്‍ന്ന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി അധ്യക്ഷനായ സമിതി പുറത്താക്കിയതിനു പിന്നാലെ വര്‍മ വിരമിക്കാന്‍ സമര്‍പ്പിച്ച കത്തിന് മറുപടിയായാണ് അദ്ദേഹത്തെ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായി നിയമിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
ജൂലൈ 31ന് വിരമിക്കല്‍ പ്രായം എത്തിയിട്ടും അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.ഒക്ടോബറിലാണ് വര്‍മയെ ആദ്യമായി സിബിഐ തലപ്പത്തുനിന്നും പുറത്താക്കിയത്. സുപ്രിം കോടതി ഇത് ജനുവരിയില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി ഇദ്ദേഹത്തെ പുറത്താക്കിയത്.പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍കെ പുറത്താക്കിലിനെ എതിര്‍ത്തെങ്കിലും ചീഫ് ജസ്റ്റിസ് നോമിനിയായ എകെ സിക്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതോടെയാണ് അലോക് വര്‍മ്മ പുറത്താക്കപ്പെട്ടത്.