സിബിഐ ഡയറക്ടര്‍ നിയമനം: കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളിയതായി സൂചന

Update: 2021-05-25 05:22 GMT

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള ഹൈപവര്‍ കമ്മിറ്റിയില്‍ സുപ്രിംകോടതിയുടെ മുന്‍വിധികള്‍ ചൂണ്ടിക്കാട്ടി സൂപ്രിംകോടതി ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ നിര്‍ദേശം തള്ളിയതായി സൂചന. കമ്മിറ്റിയിലെ മറ്റൊരു അംഗമായ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും സുപ്രിംകോടതി ചീഫ് സജ്റ്റിസ് എന്‍ വി രമണയോട് യോജിച്ച് നിലപാടെടുത്തതോടെ സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ പുറത്തായി.

പ്രതിപക്ഷനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടങ്ങുന്ന ഹൈപവര്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറ് മാസം മാത്രം ബാക്കിയുള്ളവരെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് മുന്‍കാലത്ത് ഒരു കേസില്‍ സുപ്രിംകോടതിയുടെ വിധിയുണ്ട്. ഇതാണ് സര്‍ക്കാര്‍ നോമിനികളെ തള്ളാന്‍ ചീഫ്ജസ്റ്റിസ് ഉപയോഗിച്ച നിയമം. ഈ നിയമം സാധാരണ സിബിഐ നിയമത്തില്‍ പരിഗണിക്കുക പതിവില്ല.

ബിഎസ്എഫ് മേധാവി രാകേഷ് അസ്താനയും എന്‍ഐഎ മേധാവില വൈസി മോദിയെയും ഈ നിയമത്തില്‍ കുരുക്കിയാണ് അയോഗ്യരാക്കിയത്. ഇരുവരും മെയ് 31ന് വിരമിക്കുകയാണ്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ പ്രതിപക്ഷനേതാവ് കൂടി പിന്തുണച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്നാണ് മറ്റ് മൂന്നുപേരെ ഉല്‍പ്പെടുത്തി സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള അന്തിമപട്ടിക തയ്യാറാക്കിയത്.

ഐപിഎസ് ഉദ്യോഗസ്ഥരായ വി എസ് കെ കൗമുദി, സുബോധ് ജെയ്‌സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍ തന്നെ സുബോധിനാണ് കൂടുതല്‍ സാധ്യത. അദ്ദേഹമാണ് പട്ടികയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.

പ്രധാനമന്ത്രിയുടെ വസതിയിലാണ് ഹൈപവര്‍ കമ്മിറ്റി യോഗം നടന്നത്. യോഗം 90 മിനിട്ട് നീണ്ടുനിന്നു. അതേസമയം ചുരുക്കപ്പെട്ടികയോട് പ്രതിപക്ഷനേതാവ് യോജിച്ചെങ്കിലും അദ്ദേഹം ഒരു വിയോജനക്കുറിപ്പ് എഴുതിയിരുന്നു.

നിയമനത്തിനുള്ള പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ഗൗരവത്തിലെടുത്തിട്ടില്ലെന്നും ട്രയിനിങ് ആന്റ് പേഴ്സണല്‍ വകുപ്പിന്റേത് ക്വാഷല്‍ സമീപനമാണെന്നുമായിരുന്നു ആക്ഷേപം. മെയ് 11ാം തിയ്യതി നിയമിക്കേണ്ട 109 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന്റെ ട്രയിനിങ് ആന്റ് പേഴ്സണല്‍ വകുപ്പ് തയ്യാറാക്കി നല്‍കിയെന്നും അന്നുതന്നെ ഉച്ചയ്ക്ക് 1 മണിക്ക് അതില്‍ പത്ത് പേരെ ഉള്‍പ്പെടുത്തി മറ്റൊരു പട്ടിക നല്‍കിയെന്നും നാല് മണിയായപ്പോള്‍ പേരുകള്‍ ആറായി ചുരുക്കി വീണ്ടും ഒരു പട്ടിക അയച്ചുതന്നുവെന്നും ചൗധരി ആരോപിച്ചു. സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ നിയമനത്തെ കാഷ്വലായാണ് കാണുന്നതെന്നും അത് അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News