സിബിഐ ഡയറക്ടര്‍ നിയമനം: കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: നാല് മാസമായി മുടങ്ങിക്കിടക്കുന്ന സിബിഐ ഡയറക്ടര്‍ നിയമനം വിവാദത്തിലേക്ക്. നിയമനത്തിനുള്ള പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ഗൗരവത്തിലെടുത്തിട്ടില്ലെന്നും ട്രയിനിങ് ആന്റ് പേഴ്‌സണല്‍ വകുപ്പിന്റേത് ക്വാഷല്‍ സമീപനമാണെന്നും പ്രതിപക്ഷനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ചൗധരിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പ്രധാനമന്ത്രി മോദിയും അടങ്ങുന്ന ഹൈപവര്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്.
മെയ് 11ാം തിയ്യതി നിയമിക്കേണ്ട 109 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന്റെ ട്രയിനിങ് ആന്റ് പേഴ്‌സണല്‍ വകുപ്പ് തയ്യാറാക്കി നല്‍കിയെന്നും അന്നുതന്നെ ഉച്ചയ്ക്ക് 1 മണിക്ക് അതില്‍ പത്ത് പേരെ ഉള്‍പ്പെടുത്തി മറ്റൊരു പട്ടിക നല്‍കിയെന്നും നാല് മണിയായപ്പോള്‍ പേരുകള്‍ ആറായി ചുരുക്കി വീണ്ടും ഒരു പട്ടിക അയച്ചുതന്നുവെന്നും ചൗധരി ആരോപിച്ചു. സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ നിയമനത്തെ കാഷ്വലായാണ് കാണുന്നതെന്നും അത് അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട മൂന്ന് പേരുടെ പട്ടിക ഹൈപവര്‍ കമ്മിറ്റി തയ്യാക്കിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരായ വി എസ് കെ കൗമുദി, സുബോധ് ജെയ്സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര എന്നിവരാണ് പട്ടികയിലുള്ളത്. ഇപ്പോഴത്തെ പട്ടികയില്‍ നിന്ന് ഒരാളെ ഡയറക്ടറാക്കും.
1984മുതല്‍ 1987 വരെയുള്ള നാല് ബാച്ചുകളിലെ നൂറോളം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അസം കാഡറിലെ ഉദ്യോഗസ്ഥനും എന്‍ഐഎ ഡയറക്ടര്‍ ജനറലുമായ വൈസി മോദി, യുപി കേഡറിലെ ഉദ്യോഗസ്ഥനും യുപി ഡിജിപിയുമായ എച്ച് സി അവാസ്തി, ഗുജറാത്ത് കാഡറിലെ ഉദ്യോഗസ്ഥനും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, കേരള കാഡറിലെ ഉദ്യോഗസ്ഥനും കേരള ഡിജിപിയുമായ ലോക്‌നാഥ് ബെഹ്‌റ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഡിജി അരുണ്‍ കുമാര്‍, സിഐഎസ്എഫ് ഡിജി എസ് കെ ജെയ്‌സ്വാള്‍, ഹരിയാന ഡിജിപി എസ് എസ് ദെശ്വാള്‍ തുടങ്ങിയവരാണ് പട്ടികയിലുണ്ടായിരുന്ന ചിലര്‍.
അഴിമതിക്കേസ് അന്വേഷിച്ച് മുന്‍പരിചയം, സീനിയോരിറ്റി തുടങ്ങിയവ പരിഗണിച്ചായിരിക്കണം ഡയറക്ടരെ തിരഞ്ഞെടുക്കേണ്ടതെന്നാണ് നിയമം അനുശാസിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കാണ് നിയമനം.
ഇപ്പോഴത്തെ ഡയറക്ടര്‍ ആര്‍ കെ ശുക്ല കഴിഞ്ഞ ഫെബ്രുവരിയില്‍ വിരമിച്ചു. അതിനുശേഷം അഡി. ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്.