ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത്; ഉദ്യോഗസ്ഥരുടെ ഡ്രസ് കോഡ് പുതുക്കി സിബിഐ ഡയറക്ടര്‍
ജീന്‍സ്, സ്‌പോര്‍ട്‌സ് ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഇനി മുതല്‍ ഡ്യൂട്ടി സമയത്ത് ഔപചാരിക വേഷം മാത്രം ധരിക്കാവു എന്ന് നിര്‍ദേശം. ജീന്‍സ്, സ്‌പോര്‍ട്‌സ് ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
സിബിഐ ഓഫിസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കിക്കൊണ്ടാണ് ഔപചാരിക വസ്ത്രങ്ങള്‍ നിര്‍ബന്ധിതമാക്കി ഉത്തരവിറക്കിയത്. പുരുഷന്മാര്‍ക്ക് ഷര്‍ട്ട്, ഫോര്‍മല്‍ പാന്റ്, ഫോര്‍മല്‍ ഷൂസ് എന്നിവ ധരിക്കാമെന്നും പൂര്‍ണമായും ക്ഷൗരം ചെയ്തിട്ട് മാത്രമേ ഓഫിസില്‍ വരാന്‍ പാടുള്ളൂ എന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ജീവനക്കാരോ ഉദ്യോഗസ്ഥരോ ആയ സ്ത്രീകള്‍ സാരി, സ്യൂട്ട്, ഫോര്‍മല്‍ ഷര്‍ട്ട്, പാന്റ് എന്നിവ മാത്രമേ ധരിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ജീന്‍സ്, ടി ഷര്‍ട്ട്, സ്‌പോര്‍ട്‌സ് ഷൂസ്, ചെരിപ്പ്, മറ്റു കാഷ്വല്‍ വസ്ത്രങ്ങള്‍ ഓഫിസിനുള്ളില്‍ അനുവദനീയമായിരിക്കില്ല. രാജ്യത്തെമ്പാടുമുള്ള സിബിഐ ഓഫിസുകളില്‍ ഉത്തരവ് നടപ്പാക്കണമെന്ന് ബ്രാഞ്ച് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.