കര്‍ണാടയിലെ ഹിജാബ് വിലക്ക് അധ്യാപകരിലേക്കും; ഹിജാബ് ധരിക്കുന്നവരെ പരീക്ഷ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപികമാരില്‍ ഹിജാബ് ധരിച്ചവരുണ്ടെങ്കില്‍ അവരെ പരീക്ഷ ജോലികളില്‍ നിന്ന് മാറ്റണമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

Update: 2022-04-04 13:41 GMT

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഹിജാബ് ധരിക്കുന്നതില്‍ സ്‌കൂള്‍, കോളജ് അധ്യാപകരേയും വിലക്കി കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍.

പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപികമാരില്‍ ഹിജാബ് ധരിച്ചവരുണ്ടെങ്കില്‍ അവരെ പരീക്ഷ ജോലികളില്‍ നിന്ന് മാറ്റണമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

ഹിജാബ് ധരിക്കുന്ന സ്‌കൂള്‍, കോളജ് അധ്യാപകരെ എസ്എസ്എല്‍സി, പ്രീയൂനിവേഴ്‌സിറ്റി പരീക്ഷാ ഡ്യൂട്ടിയിലും ഉള്‍പ്പെടുത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ കഴിഞ്ഞയാഴ്ച ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

'വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിക്കാത്തത്, ധാര്‍മികമായി ശരിയാണ്, ഹിജാബ് ധരിക്കണമെന്ന് ശഠിക്കുന്ന അധ്യാപകരെ പരീക്ഷാ ഡ്യൂട്ടി എടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. അത്തരം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നു'- വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ടൈംസ് ഓഫ് ഇന്ത്യോട് പറഞ്ഞു.

സര്‍ക്കാര്‍ ഹിജാബ് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷക്ക് 22,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഹാജരാകാതിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികളുടെ വലിയ വര്‍ധനവാണ്. പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ ഈ മാസം അവസാനം ആരംഭിക്കും. ഫെബ്രുവരിയില്‍ കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഡസന്‍ കണക്കിന് ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.

ഇതനുസരിച്ച്, ഇപ്പോള്‍ ഈ അധ്യാപകരെ സെക്കന്‍ഡറി സ്‌കൂള്‍ ലീവ് സര്‍ട്ടിഫിക്കറ്റിലും (എസ്എസ്എല്‍സി) പ്രീയൂണിവേഴ്‌സിറ്റി (പിയു) പരീക്ഷയിലും ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഉണ്ടാകില്ലെന്ന് പ്രൈമറി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News