'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' വെളിപ്പെടുത്തലുമായി പുസ്തകം

ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ ഏഴിന് നടന്ന തൂഫാനുല്‍ അഖ്‌സക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിരവധി അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Update: 2024-11-05 07:01 GMT

ന്യൂയോര്‍ക്ക്: തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഹമാസിനെ ഇല്ലാതാക്കാന്‍ അറബ് രാജ്യത്തലവന്‍മാര്‍ യുഎസ്സിനോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബോബ് വുഡ്‌വേഡ്‌സിന്റെ 'വാര്‍' എന്ന പുസ്തകത്തിലാണ് വിവാദമായിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ ഏഴിന് നടന്ന തൂഫാനുല്‍ അഖ്‌സക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിരവധി അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഹമാസിനെ തകര്‍ക്കുന്നതിനാണ് അറബ് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കിയതെന്നാണ് പുസ്തകം പറയുന്നത്.

ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തെ പൈശാചികവല്‍ക്കരിച്ച് ഹമാസിനെ തകര്‍ക്കാന്‍ ഇസ്രായേലിനും യുഎസിനും രഹസ്യ പദ്ധതിയുണ്ടായിരുന്നതായി പുസ്തകം പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും പൊതുജനാഭിപ്രായം എതിരാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം വന്നു.

തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഒക്ടോബര്‍ പതിമൂന്നിന് ജോര്‍ദാനിലെ അബ്ദുല്ല രാജാവിനെ ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ അബ്ദുല്ല രാജാവ് ആന്റണി ബ്ലിങ്കനോട് പറഞ്ഞത് ഇങ്ങനെയെന്ന് പുസ്തകം പറയുന്നു.

''ഹമാസിനെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ മുസ്‌ലിം ബ്രദര്‍ഹുഡാണ്. ഇസ്രായേല്‍ ഹമാസിനെ പരാജയപ്പെടുത്തണം. അവരെ പരാജയപ്പെടുത്തുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല.''

അടുത്ത ദിവസം യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുവുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുവിന്റെ വിഷയത്തിലെ നിലപാട് ഇങ്ങനെയെന്ന് പുസ്തകം പറയുന്നു.

''ഹമാസിനെ ഉന്മൂലനം ചെയ്യണം. പക്ഷെ, ഗസയിലേക്ക് സഹായം നല്‍കാനും വെസ്റ്റ് ബാങ്കിലെ സംഘര്‍ഷം കുറക്കാനും ഞങ്ങളെ സഹായിക്കണം. എമിറാത്തികളുടെ പ്രതിഷേധം നിയന്ത്രിക്കാന്‍ ഇത് ആവശ്യമാണ്.''

യുഎഇ സന്ദര്‍ശനത്തിന് ശേഷം ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയില്‍ എത്തി. അവിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായും കൂടിക്കാഴ്ച്ച നടത്തി.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്ലിങ്കനോട് പറഞ്ഞത് ഇങ്ങനെയെന്നു പുസ്തകം പറയുന്നു. ''ഇസ്രായേല്‍-സൗദി ബന്ധം സാധാരണ നിലയിലാവാന്‍ ഗസ ശാന്തമായിരിക്കണം. പ്രദേശത്തെ സ്ഥിരത സൗദിയുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.''

വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞത് ഇങ്ങനെയെന്ന് പുസ്തകം പറയുന്നു.

''നെതന്യാഹു ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് മുസ്‌ലിം ബ്രദര്‍ഹുഡാണ്. പ്രാദേശിക സ്ഥിരതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭീകര ഗ്രൂപ്പുകള്‍ ഇസ്രായേലിനെയും അറബ് നേതാക്കളെയും ഭീഷണിപ്പെടുത്തുന്നു. ഈ അരാജകത്വത്തിന് ശേഷം ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഞങ്ങള്‍ ഒരു ഡോളര്‍ നല്‍കില്ല''

ഈ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ആന്റണി ബ്ലിങ്കന്‍ ഈജിപ്തില്‍ എത്തി. അവിടെ വെച്ച് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായും ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമെലുമായും കൂടിക്കാഴ്ച്ച നടത്തി.

ഈജിപ്റ്റും ഇസ്രായേലും തമ്മില്‍ സമാധാന അന്തരീക്ഷമുണ്ടാവുന്നതിനാണ് അല്‍സീസി പ്രാധാന്യം നല്‍കിയത്. ബ്ലിങ്കനെ സ്വകാര്യമായി മാറ്റിനിര്‍ത്തിയാണ് ഇക്കാര്യം പറഞ്ഞത്. ഗസയില്‍ നടക്കുന്ന സങ്കീര്‍ണമായ ചെറുത്തുനില്‍പ്പിനെ കുറിച്ച് ബ്ലിങ്കന് അല്‍ സീസി മുന്നറിയിപ്പും നല്‍കി. അതേസമയം, ഗസയിലെ തുരങ്കശൃംഖലയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്റലിജന്‍സ് മേധാവി ബ്ലിങ്കനുമായി പങ്കുവച്ചത്. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമേണ തകര്‍ത്ത് ഇസ്രായേല്‍ മുന്നോട്ടുപോവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

യുഎസ് പ്രതിനിധി സംഘത്തിന്റെ ചര്‍ച്ചകളില്‍ ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിഷയം ഉണ്ടായിരുന്നുവെന്നും പുസ്തകം പറയുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ബോബ് വുഡ്‌വേഡ്‌സ് വാട്ടര്‍ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്നതിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തെ കുറിച്ച് പ്രസിദ്ധമായ നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Tags:    

Similar News