യഹിയ തങ്ങളുടെ കസ്റ്റഡി; നീതിനിര്‍വഹണം അട്ടിമറിക്കാനുള്ള പോലിസിന്റെ നീക്കം അപകടകരം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ഭരണകൂട സംഘപരിവാര്‍ താല്‍പര്യത്തിന് വഴങ്ങി നീതിനിര്‍വഹണം അട്ടിമറിക്കാന്‍ പോലിസ് നടത്തുന്ന നീക്കം അപകടകരമെന്ന് പോപുലര്‍ ഫ്രണ്ട്. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ സമാനതകളില്ലാത്ത വേട്ടയാണ് പോലിസ് നടത്തുന്നത്. നാടുനീളെ നടന്ന് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ആയുധമേന്തി തെരുവുകളില്‍ കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന ആര്‍എസ്എസ് ഭീകരര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാരാണ് കേവലം മുദ്രാവാക്യത്തിന്റെ പേരില്‍ 153 എ വകുപ്പ് ചുമത്തി പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ് എന്നിവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രയാപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളെ പോലിസ് അറസ്റ്റ് ചെയ്തത് ആസൂത്രിതമാണ്. പാതിരാത്രിയില്‍ പോലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ ഇരുപത്തഞ്ചിലധികം പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം പോലിസ് പിടിച്ചുകൊണ്ട് പോയി ജയിലിലടച്ചത്.
ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ പോലിസ് ഉടന്‍ തയ്യാറാകണം. ആര്‍എസ്എസിനെ പ്രീണിപ്പിക്കലല്ല പോലിസിന്റെ പണി എന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ മനസിലാക്കണം. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ് ലിം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. ജനലക്ഷങ്ങള്‍ അണിനിരന്ന സമ്മേളനത്തില്‍ ഉടനീളം ഉയര്‍ന്നത് ആര്‍എസ്എസിനും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയ്ക്കും എതിരായ മുദ്രാവാക്യങ്ങളാണ്. അത്തരം ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിന്റെ ഭാഗമാണ്.
അതേസമയം, അവിടെ റാലിയില്‍ പങ്കെടുത്ത ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തിന്റെ മറപിടിച്ച് സംഘടനയെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. റാലിയില്‍ ആ കുട്ടി മുഴക്കിയത് സംഘടന ഔദ്യോഗികമായി നല്‍കിയ മുദ്രാവാക്യങ്ങളല്ല. ഇക്കാര്യം നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍, ആര്‍എസ്എസും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രസംഘടനകളും ഈ വിഷയത്തെ മതങ്ങളുമായി കൂട്ടിക്കെട്ടി വ്യാജപ്രചരണം നടത്തുകയാണ്.
സംഘപരിവാരം നടത്തുന്ന പ്രചരണത്തിന്റെ പേരില്‍ മുസ് ലിം സമുദായത്തെയും സംഘടനയേയും വേട്ടയാടാന്‍ അനുവദിക്കില്ല. ഇസ് ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളും അനുവദിക്കില്ല. അര്‍എസ്എസിന്റെ ഹിന്ദുത്വ പ്രചാരണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനും തയ്യാറല്ല. വിദ്വേഷ പ്രചരണങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയും വര്‍ഗീയ പ്രചാരകരെ കയറൂരി വിടുകയും ചെയ്ത പോലിസ് സമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരെ ഇല്ലാത്ത വര്‍ഗീയത ആരോപിച്ച് കേസ്സെടുക്കുകയും അന്യായമായ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിന്റെ ആഭ്യന്തരവകുപ്പ് തുടര്‍ന്നുവരുന്ന ഹിന്ദുത്വപ്രീണനത്തിന്റെ ഭാഗമാണ് ഈ കേസും റെയ്ഡുകളും. കേസ് കൊണ്ട് അവസാനിപ്പിക്കുന്ന ദൗത്യമല്ല പോപുലര്‍ ഫ്രണ്ട് ഏറ്റെടുത്തിട്ടുള്ളത്. നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെ ആവണം. ഹിന്ദുസമ്മേളനത്തിന്റെ മറവില്‍ നാലുദിവസം മുഴുനീളം വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ ഞെട്ടാത്ത പലരും ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഞെട്ടിയത് അവര്‍ സൂക്ഷിക്കുന്നത് ഹിന്ദുത്വബോധമാണ് എന്നാണ് വ്യക്തമാവുന്നത്.
ആര്‍എസ്എസിനെതിരായ മുദ്രാവാക്യങ്ങളെ മതവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമാണ്. ഇത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കും. പോലിസിന്റെ ഈ നിലപാട് ഏകപക്ഷീയമാണ്. മതവിഭാഗങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് ആര്‍എസ്എസ് ഉണ്ടാക്കിയ പ്രചരണത്തില്‍ തലവച്ച് കൊടുക്കുകയാണ് പോലിസ് ചെയ്തിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് പോലിസ് പിന്‍മാറണമെന്നും യഹിയാ തങ്ങളെ ഉടന്‍ വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.