മുംബൈ: സമീപകാലത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില മുംബൈയില്‍ രേഖപ്പെടുത്തി. മുംബൈ മഹാനഗരം കൊടുംചൂടിലേക്ക് പോവുകയാണ്. ഞായറാഴ്ച മുംബൈയില്‍ 39.4 ഡിഗ്രിയായിരുന്നു താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. തിങ്കളാഴ്ച ചൂടിന് അല്പം കുറവുണ്ട്. ഞായറാഴ്ച സാന്താക്രൂസില്‍ 39.4 ഡിഗ്രിയും കൊളാബയില്‍ 35.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കഴിഞ്ഞ ആറിന് നഗരത്തില്‍ 39.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 2011 മാര്‍ച്ച് 17 നു 41.3 ഡിഗ്രി ചൂട് അനുഭവപ്പെട്ടതാണ് റെക്കോര്‍ഡ് താപനില. ഏഴുവര്‍ഷത്തിനുശേഷം 2018 മാര്‍ച്ച് 26 നു 41 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരുന്നു.
അടുത്ത ദിവസങ്ങളിലും മുംബൈയില്‍ താരതമ്യേന ചൂടുകൂടിയ അവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയ്ക്കു പുറമേ കൊങ്കണ്‍ പ്രദേശങ്ങളിലും ചൂട് കൂടുന്നുണ്ട്. ഇവിടെ സാധാരണ നിലയെക്കാള്‍ നാല്, അഞ്ച് ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ ചൂട്. കടല്‍ക്കാറ്റ് കുറഞ്ഞതാണ് ഈയവസ്ഥയ്ക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുംബൈ നഗരത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്. 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള മുംബൈയിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കും. നിലവിലെ ചൂട് അടുത്ത രണ്ട് മാസത്തേക്ക് തുടരുമെന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.