വിദ്യാര്‍ഥി പ്രക്ഷോഭം: ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ചു

Update: 2024-08-05 10:36 GMT

ധക്ക: വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാവുകയും സൈന്യം അന്ത്യശാസനം നല്‍കുകയും ചെയ്തതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ 45 മിനിറ്റുളളില്‍ രാജിവയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതോടെയാണ് രാജിവച്ചത്. ഔദ്യോഗിക വസതി ഒഴിയുകയും ശെയ്ഖ് ഹസീന രാജ്യം വിടുകയും ചെയ്‌തെന്നും റിപോര്‍ട്ടുകളുണ്ട്. ഇതിനിടെ, പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു. 14 പോലിസുകാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി മരണസംഖ്യ പുറത്തുവന്നിട്ടില്ല.

    സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കാനുള്ള നീക്കിത്തിനെതിരേ 'സ്റ്റുഡന്റ്‌സ് എഗയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടന തുടങ്ങിയ സമരമാണ് കലാപത്തില്‍ കലാശിച്ചത്. ഞായറാഴ്ചയും പ്രതിഷേധം ശക്തമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചതോടെയാണ് കൂടുതല്‍ രൂക്ഷമായത്. സുരക്ഷാ സേനയക്കു പുറമെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും പ്രക്ഷോഭകാരികള്‍ക്കെതിരേ രംഗത്തെത്തിയതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിച്ചെത്തുകയായിരുന്നു. ആറ് അവാമി ലീഗ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിറാജ്ഗഞ്ചിലെ ഒരു പോലിസ് സ്‌റ്റേഷനിലെ വാനിന് തീയിട്ടതാണ് പോലിസുകാര്‍ കൊല്ലപ്പെടാന്‍ കാരണം. ധാക്കയിലെ മെഡിക്കല്‍ കോളജും അവാമിലീഗ് പാര്‍ട്ടിയുടെ നിരവധി ഓഫിസുകളും തകര്‍ത്തിട്ടുണ്ട്. കലാപം രൂക്ഷമായതോടെ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

Tags:    

Similar News