ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍; പ്രധാനമന്ത്രിയാവുന്നത് നാലാം തവണ
ധക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
40 ശതമാനം പോളിങ്ങാണ് ബംഗ്ലാദേശില്‍ ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണ് പോളിങ് കുറച്ചത്. പോളിങ് സ്റ്റേഷനുകളിലൊരിടത്തും തിരക്കില്ലായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഹസീന പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിര്‍ദേശം.