പട്‌ന: ബിഹാറില്‍ വീണ്ടും വ്യാജ മദ്യദുരന്തം. ചപ്ര മേഖലയില്‍ വ്യാജമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. ഇവരില്‍ അഞ്ചുപേര്‍ ഗ്രാമത്തില്‍ വച്ചും മറ്റൊരാള്‍ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപോര്‍ട്ടുണ്ട്. മുപ്പതോളം പേരെയാണ് ബിഹാറിലെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. വ്യാജ മദ്യനിര്‍മാണത്തിലും വില്‍പ്പനയിലും പങ്കുണ്ടെന്നാരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണയും പോലിസ് സൂപ്രണ്ട് സന്തോഷ് കുമാറും അറിയിച്ചു.
ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെയും പ്രാദേശിക ചൗക്കിദാരെയും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും മദ്യക്കടത്തുകാരെ പിടികൂടാന്‍ റെയ്ഡ് നടത്തുന്നതായും പോലിസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 32 പേര്‍ മരിച്ചിരുന്നു. ആഗസ്തില്‍ ബിഹാറിലെ സരണ്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് 11 പേര്‍ മരിക്കുകയും 12 പേര്‍ക്ക് ഗുരുതരമായ അസുഖം ബാധിക്കുകയും ചെയ്തിരുന്നു ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടിരുന്നു.