ബിനീഷ് കോടിയേരി ജയില്‍ മോചിതനായി; ജാമ്യം ലഭിച്ചത് ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം
ഇഡി പറഞ്ഞതു പോലെ കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു എന്ന് ബിനീഷ് പറഞ്ഞു
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന ബിനീഷ് ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി ശ്രമിച്ചുവെന്നും എന്നാല്‍ ഒടുവില്‍ സത്യം ജയിക്കുമെന്നും ബിനീഷ് പറഞ്ഞു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഡി പറഞ്ഞതു പോലെ കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു എന്ന് ബിനീഷ് പറഞ്ഞു. കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിനീഷ് പറഞ്ഞു.
ഇന്നലെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയതിനാല്‍ ബിനീഷിന് ഇന്നലെ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകള്‍ കര്‍ശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നില്‍ക്കാന്‍ ഏറ്റവര്‍ പിന്‍മാറിയതാണ് പ്രശ്‌നമായത്. പുതിയ ജാമ്യക്കാരെ ഹാജരാക്കാന്‍ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബംഗളൂരു മയക്കുമരുന്ന് കേസ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികള്‍. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചത്. ബിനീഷിന്റഎ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുഹമ്മദ് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ ബിനീഷ് പ്രതി ചേര്‍ക്കപ്പെടും.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലെ ഒപ്പുപോലും ബിനീഷിന്റേതാണെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞിട്ടുള്ളത്. ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്ന് ഇടപാടുകാര്‍ക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ നിരീക്ഷണം. ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഇഡി സുപ്രീംകോടതിയെ സമീപിക്കും.
ജാമ്യം ലഭിച്ചെങ്കിലും ലഹരികേസില്‍ ബിനീഷ് പ്രതി ചേര്‍ക്കപെടാനുപള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെതിരേ നടപടി കടുപ്പിച്ചേക്കും.