നിരോധിച്ച നോട്ട് മാറ്റിക്കൊടുത്ത് ബിജെപി നേതാക്കാള്‍ വന്‍തുക തട്ടി; വീഡിയോ പുറത്തുവിട്ട് പ്രതിപക്ഷം
മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ നോട്ട് മാറ്റിത്തരുന്നതിന് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പ്രതിപക്ഷ നേതാക്കള്‍ പുറത്തുവിട്ടു.
ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ നേരിടാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി നല്‍കി ബിജെപി വന്‍ അഴിമതി നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ കക്ഷികള്‍. മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ നോട്ട് മാറ്റിത്തരുന്നതിന് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പ്രതിപക്ഷ നേതാക്കള്‍ പുറത്തുവിട്ടു.
ബിജെപി പാര്‍ട്ടിക്ക് പണമുണ്ടാക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷനല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണുണ്ടായത്. ഇത് കൊടും ചതിയാണ്. സര്‍ക്കാര്‍ പൊലീസ്, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളെ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ദുരുപയോഗം ചെയ്‌തെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
ടിഎന്‍എന്‍ ഡോട്ട് വേള്‍ഡ് എന്ന വെബ്‌സൈറ്റാണ് ബിജെപി പ്രവര്‍ത്തകന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
നോട്ട് നിരോധനം മൂലം രാജ്യത്തെ വ്യവസായമേഖല വലിയ തകര്‍ച്ചയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സാമ്പത്തികരംഗത്ത് രാജ്യം പുറകോട്ടുപോയി. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ കോടിക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്‍, ആര്‍ജെഡി നേതാവ് മനോജ് ഝാ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹ്മദ് പട്ടേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.