കള്ളനോട്ട് നിര്‍മാണം കുടില്‍വ്യവസായമാക്കി ബിജെപി നേതാക്കളും പ്രവര്‍ത്തകരും; അന്വേഷണം പാതിവഴിയില്‍ മുടന്തുന്നു
കോഴിക്കോട്: കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ബിജെപിയുടെ കള്ളനോട്ട് സംഘങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുമ്പോഴും മൃദുസമീപനവുമായി പോലിസും അന്വേഷണ സംഘങ്ങളും. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബിജെപി പ്രവര്‍ത്തകനില്‍ നിന്നും 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. പരിശോധിക്കുന്നതിനിടെ ഡോക്ടറാണ് രോഗിയുടെ പക്കല്‍ വന്‍ തുകയുടെ കള്ളനോട്ട് കണ്ടത്. തുടര്‍ന്ന് പോലിസെത്തി ഇസ്റ്റഡിയിലെടുക്കുകയായിരുന്നു. മേത്തല കോന്നംപറമ്പില്‍ ജിത്തുവില്‍ (33) നിന്നാണ് കള്ളനോട്ട് കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പ്രതിയെ അവിടെ നിന്നും മാറ്റിയതോടെ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തരില്‍ നിന്നും കള്ളനോട്ട് പിടികൂടുന്നത്. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷിനെ മൂന്നു പ്രാവശ്യമാണ് കള്ളനോട്ട് നിര്‍മിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുന്ന കാലത്താണ് ബിജെപി നേതാവായ രാകോഷ് വീട്ടില്‍വച്ച് സ്വന്തമായി നോട്ട് പ്രിന്റ് ചെയ്തിറക്കിയത്.
പിന്നീട് 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടിയിരുന്നു. ഇത് രാകേഷ് ആണ് പ്രിന്റ് ചെയ്തതെന്ന് കണ്ടതോടെ രണ്ടാമതും ഇയാള്‍ അറസ്റ്റിലായി. ഇയാളുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ രാകേഷ് പിന്നീടും കള്ളനോട്ട് നിര്‍മാണം തുടര്‍ന്നു. 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രാകേഷ് മൂന്നാമത് പിടിയിലായത്.
ആദ്യ കേസ് മുതല്‍ തന്നെ പോലിസ് കടുത്ത വകുപ്പുകള്‍ ചുമത്താത്താതെ ബിജെപി നേതാവിന് ജാമ്യം ലഭിക്കുന്നതിന് സഹായകമായ തരത്തിലാണ് നിലകൊണ്ടത്. ഇതോടെയാണ് പിന്നീടും ഇയാള്‍ കള്ളനോട്ട് നിര്‍മാണം ആവര്‍ത്തിച്ചത്. രാകേഷിന്റെ സഹോദരനും ബിജെപി ഒബിസി മോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവിനെയും കള്ളനോട്ടു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കളുടെ കള്ളനോട്ട് നിര്‍മാണം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായതിന് പിന്നാലെ ഇവരെ ബിജെപിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
എന്നാല്‍ അതിനു ശേഷവും കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ കള്ളനോട്ട് നിര്‍മാണം തുടരുന്നുണ്ട് എന്നാണ് കഴിഞ്ഞ ദിവസം മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കള്ളനോട്ടുമായി പിടിയിലായ സംഭവം വ്യക്തമാക്കുന്നത്. രാകേഷില്‍ നിന്നും ആദ്യം കള്ളനോട്ട് പിടികൂടി അവസരത്തില്‍ ഇതിനു പിന്നില്‍ വന്‍ കള്ളനോട്ട് സംഘമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കള്ളനോട്ട് ഉപയോഗിച്ചുവെന്നും സംസ്ഥാനത്തെ ഒരു വനിതാ നേതാവിനും ഇതില്‍ പങ്കെടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കള്ളനോട്ട് കേസ് അന്വേഷണം വളരെ ചുരുക്കം പേരില്‍ മാത്രം ഒതുക്കുകയാണ് പൊലീസ് ചെയ്തത്.