പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഊതിക്കത്തിക്കാന്‍ ബിജെപി ശ്രമം: ശിരോമണി അകാലിദള്‍

കര്‍ഷക പ്രക്ഷോഭത്തെ സിഖ് ഹിന്ദു പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതാണ് ഏറ്റവും അപലപനീയമായ കാര്യമെന്നും ബാദല്‍ പറഞ്ഞു.

Update: 2020-12-15 13:38 GMT

അമൃത്സര്‍: ബിജെപി പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഊതിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. ഹിന്ദുക്കളെ മുസ്്‌ലിംകള്‍ക്കെതിരെ തിരിച്ച അവര്‍ ഇപ്പോള്‍ പഞ്ചാബി ഹിന്ദുക്കളെ അവരുടെ സിഖ് സഹോദരന്മാര്‍ക്കെതിരെ, ആക്കിയെന്നും ബാദല്‍ ആരോപിച്ചു. ബിജെപി ദേശീയ ഐക്യവും സമാധാനവും തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.


കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള കര്‍ഷകരുടെ പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച സുഖ്ബീര്‍ സിങ് ബാദല്‍ രാജ്യത്തെ യഥാര്‍ത്ഥ തുക്‌ഡെ തുക്‌ഡെ ഗ്യാങ് ബിജെപിയാണെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശിരോമണി അകാലിദള്‍ നേതാവ് ബിജെപിക്ക് എതിരേ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ലംഘിച്ചു. കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുകയും എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.


കര്‍ഷക പ്രക്ഷോഭത്തെ സിഖ് ഹിന്ദു പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതാണ് ഏറ്റവും അപലപനീയമായ കാര്യമെന്നും ബാദല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആരംഭിച്ച് ഇത് പഞ്ചാബിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ ദേശഭക്തരും അല്ലാത്തവര്‍ ദേശദ്രോഹികള്‍ അല്ലെങ്കില്‍ തീവ്രവാദികളോ തുക്‌ഡെ തുക്‌ഡെ ഗ്യാങിങ്ങില്‍ നിന്നുള്ളവരോ എന്നതാണ് നിലവിലെ സാഹചര്യം. പത്മവിഭൂണ്‍ തിരികെ നല്‍കിയ പ്രകാശ് സിങ് ബാദലും കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലും ദേശവിരുദ്ധരാണോ എന്നും അദ്ദേഹം ചോദിച്ചു.




Tags:    

Similar News