ബ്രഹ്മപുരം തീപ്പിടിത്തം: ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് ഹൈക്കോടതി; കോര്‍പറേഷന്‍ സെക്രട്ടറി 1.45ന് നേരിട്ട് ഹാജരാവണം

Update: 2023-03-07 06:51 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം മൂലം ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി 1.45ന് ഹാജരായി കൃത്യമായ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്ന് പറയുമ്പോഴും ഇവിടെ കാര്യമായ വ്യവസായങ്ങളില്ല. എന്നിട്ടാണ് ഈ സ്ഥിതി. വലിയ വ്യവസായശാലകളുള്ള ഹൈദരാബാദ്, സെക്കന്തരാബാദ് പോലുള്ള സ്ഥലങ്ങളില്‍ പോലും ഇത്തരം പ്രശ്‌നങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങളുണ്ടാവാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തീപ്പിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

ഇന്ന് 1.45 കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കോര്‍പറേഷന്റെ നിലപാട് ഇന്ന് തന്നെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഓണ്‍ലൈനായി ഉച്ചയ്ക്ക് 1.45 ന് കോടതിയില്‍ ഹാജരാവണമെന്നും നിര്‍ദേശം നല്‍കി. സര്‍ക്കാരിനായി എജിയും കോടതിയില്‍ ഹാജരായി. മറുപടി നല്‍കാന്‍ നാളെവരെ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.

Tags:    

Similar News