'ബക്കറ്റിലെ വെള്ള'ത്തിലൂടെ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായി; ധാര്‍മിക വേഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ രാജി

Update: 2021-04-13 12:40 GMT

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്ന നാളുകളില്‍, ബക്കറ്റിലെ വെള്ളത്തില്‍ തിരയുണ്ടാവില്ലെന്ന ഉറുദു കവിത ഉപദേശിച്ച് പിണറായിയുടെ ഇഷ്ടക്കാരനായ ജലീലിന് ഒടുവില്‍ അധാര്‍മിക പതനം. അന്ന് ശംഖുമുഖത്ത് പ്രവര്‍ത്തകരുടെ ഹര്‍ഷാരവത്തോടെ കടന്നുവന്ന വിഎസിനെ വേദിയിലിരുത്തിയാണ് പിണറായി ബക്കറ്റ് വെള്ളത്തിന്റെ ശക്തിയെപ്പറ്റി ഓര്‍മപ്പെടുത്തിയത്. സമുദ്രത്തോടു ചേരുമ്പോഴേ തിരയുണ്ടാവൂ എന്നും അപ്പോഴാണ് വെള്ളത്തിന് ശക്തിയുണ്ടാവുക എന്നും വിഎസിനെ പിണറായി ഉപദേശിച്ച ഉറുദു കവിതശകലം ജലീലിന്റേതായിരുന്നു. വിഎസിനെയും പിണറായി വിമര്‍ശകരെയും ഒരേ പോലെ അടിച്ചിരുത്താന്‍ അന്ന് ആ കവിത ധാരാളമായിരുന്നു. അന്നു മുതല്‍ പിണറായി വിജയന്റെ മനസ്സില്‍ ജലീല്‍ ഇടം നേടുകയായിരുന്നു.

2018 നവംബര്‍ രണ്ടിനാണ് ബന്ധുനിയമനത്തിനെതിരേ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തുന്നത്. നിയമനം വിവാദമായതോടെ നവംബറില്‍ തന്നെ ബന്ധു കെടി അദീബ് സ്ഥാനം രാജിവച്ചിരുന്നു. രണ്ടര വര്‍ഷമായി തുടരുന്ന ആരോപണങ്ങള്‍ക്കാണ് ജലീലിന്റെ രാജിയോടെ തീരുമാനമായിരുക്കുന്നത്. ബന്ധു കെടി അദീബിനെ ന്യൂനപക്ഷ വിനകസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കാന്‍ അടിസ്ഥാന യോഗ്യത മാറ്റിയതിന് പുറമെ, സര്‍വകലാശാല മാര്‍ക്ക് ദാനം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സിക്ക് മുന്‍പില്‍ മാധ്യമങ്ങളെ വെട്ടിച്ച് ഹാജരായത് തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് മന്ത്രിക്കേതിരേ ഉയര്‍ന്നിരുന്നത്. എന്നാല്‍ മാധ്യമങ്ങളെ ആക്ഷേപിച്ചും ധാര്‍മ്മിക രോഷം കൊണ്ടും ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഏത് ആരോപണമുയരുമ്പോഴും ധാര്‍മികത ഉയര്‍ത്തിയായിരുന്നു ജലീല്‍ പിടിച്ച് നിന്നിരുന്നത്. ധാര്‍മികത ഉയര്‍ത്തുമ്പോഴും രാഷ്ട്രീയ എതിരാളികളെ കൃത്യമായി ഉന്നംവച്ചാണ് മുന്നേറിയിരുന്നത്. ലോകായുക്ത ഉത്തരവിനെതിരേ, ഒരു വര്‍ഷത്തെ ഡപ്യൂട്ടേഷനെന്നും അദീബ് നേരത്തെ വാങ്ങിയിരുന്ന ശമ്പളത്തെക്കാള്‍ കുറവാണ് ലഭിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ രാജി ഘട്ടത്തില്‍ വിധിയെക്കുറിച്ചു ഒന്നും പറയാതെ എതിരാളികള്‍ക്കെതിരേ ആഞ്ഞടിക്കുകയാണ് ജലീല്‍ ചെയ്തത്. രാജിപ്രഖ്യാപനം നടത്തിയുള്ള ഫേസ് ബുക്ക് പോസ്റ്റിലും എതിരാളികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ലോകായുക്ത വിധിയുണ്ടായി മൂന്നു ദിവസമായിട്ടും മന്ത്രി പറഞ്ഞുകൊണ്ടിരുന്നത് ഹൈക്കോടതി തള്ളി കേസ് എന്നായിരുന്നു. രാജി എന്നത് അദ്ദേഹത്തിന്റെ പരിഗണനയിലേ ഉള്ള വിഷയമായിരുന്നില്ല. അതേസമയം, മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള ഇടതുസര്‍ക്കാരിന്റെ ഇടനിലക്കാരനുമായ ജലീലിനെ കൈവിടാതിരിക്കാന്‍ അവാസാന നിമിഷം വരെ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.

നേരത്തെ, ഇപി ജയരാജനെതിരേ ബന്ധുനിയമന ആരോപമുയര്‍ന്നപ്പോള്‍ അന്വേഷണമേതുമില്ലാതെ അദ്ദേഹം രാജിവക്കുകയായിരുന്നു. പക്ഷേ അതേ ആരോപണവും, മറ്റു ആരോപണങ്ങളും ജലീലിനെതിരേ ഉയര്‍ന്നപ്പോഴും രാജി ആവശ്യം മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഉയര്‍ന്നു കേട്ടില്ല. അതേ സമയം പാര്‍ട്ടിപ്രവര്‍ത്തകരുടേയും നേതാക്കളുടേയും ഇടയില്‍ ജലീലിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയായിരുന്നു. തന്ത്രപൂര്‍വ്വം നിലപാടുകളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നും തെന്നിമാറാറുള്ള ജലീലിന്റെ മിടുക്കായിരുന്നു ഇതുവരെയുള്ള തുറുപ്പു ചീട്ട്. ലോകായുക്ത വിധി വന്ന ഉടനെ ഏ കെ ബാലന്‍, മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാലന്റേത് വ്യക്തിപരമായ നിലപാടായി പാര്‍ട്ടി തള്ളുകയായിരുന്നു. ഇന്നലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ചില സൂചനകള്‍ നല്‍കിയിരുന്നു. ലോകായുക്ത പറഞ്ഞിരിക്കുന്നത് അസാധാരണ കാര്യങ്ങളാണെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉടന്‍ അനുയോജ്യമായ തീരൂമാനമെടുക്കുമെന്നും എം എ ബേബി വ്യക്തമാക്കിയിരുന്നു.

ഏകെജി സെന്ററില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ഹൈക്കോടതി വിധി പറഞ്ഞ് നീട്ടാന്‍ ജലീല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജിയാണ് പാര്‍ട്ടി താല്പര്യമെന്ന് കോടിയേരി അറിയിക്കുകയായിരുന്നു. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ, രാജിയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ജലീല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. അതേ സമയം, മലബാറിലെ സര്‍ക്കാരിന്റെ മുഖമായ ജലീലിന്റെ പതനം ക്ഷീണമുണ്ടാക്കുമെന്ന ഘട്ടത്തിലാണ്, കെ എം ഷാജിക്കെതിരേ വിജിലന്‍സിനെ ഇറക്കിയതെന്നും നിരീക്ഷണമുണ്ട്. ഇന്നലെ വിജിലന്‍സ് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ കണ്ണൂരിലെ വസതിയില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു.

Tags:    

Similar News