തുടര്‍ച്ചയായ തിരിച്ചടികള്‍; വിദ്വേഷപ്രചാരണത്തിലൂടെ ധ്രുവീകരണമുണ്ടാക്കാന്‍ വീണ്ടും കത്തോലിക്കാ സഭ
പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' വിദ്വേഷ പ്രസംഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലശ്ശേരി അതിരൂപതയും വിവിധ രൂപതകളും സാമൂഹിക മാധ്യമങ്ങളിലെ ക്രൈസ്തവ വിദ്വേഷ ഗ്രൂപ്പുകളും സംഘടിതമായാണ് പുതിയ നീക്കം.
പി സി അബ്ദുല്ല
കോഴിക്കോട്: ആഭ്യന്തര ശൈഥില്യങ്ങളും രാഷ്ട്രീയ തിരിച്ചടികളും മറികടക്കാന്‍ മുസ്‌ലിം വിരുദ്ധതയിലൂന്നിയ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളുമായി വീണ്ടും സീറോ മലബാര്‍ സഭ. പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' വിദ്വേഷ പ്രസംഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലശ്ശേരി അതിരൂപതയും വിവിധ രൂപതകളും സാമൂഹിക മാധ്യമങ്ങളിലെ ക്രൈസ്തവ വിദ്വേഷ ഗ്രൂപ്പുകളും സംഘടിതമായാണ് പുതിയ നീക്കം.
സഭാ രാഷ്ട്രീയത്തിന് അടുത്തിടെയുണ്ടായ കനത്ത തിരിച്ചടികളും വിവിധ തലങ്ങളില്‍ സീറോ മലബാര്‍ സഭ നേരിടുന്ന ആഭ്യന്തര ശൈഥില്യങ്ങളും യുവ തലമുറ ഗണ്യമായ തോതില്‍ പുരോഹിതരില്‍ നിന്നും വിശ്വാസത്തില്‍ അകലുന്നതുമടക്കമുള്ള വലിയ പ്രതിസന്ധികളെ മഴികടക്കാന്‍ മുസ്‌ലിം വിരുദ്ധതയിലൂന്നി സമുദായത്തെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതോടൊപ്പം, 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബിജെപി അജണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് മുസ്‌ലിം വിരുദ്ധതയിലൂടെ നേട്ടമുണ്ടാക്കാമെന്നും സഭാനേതൃത്വം കണക്കുകൂട്ടുന്നു.
കേരളത്തിലെ വത്തിക്കാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ രൂപതയില്‍ വിദ്യാസമ്പന്നരായ യുവതീ യുവാക്കളില്‍ സഭയോടും വിശ്വാസത്തോടും വലിയ തോതില്‍ ആഭിമുഖ്യം കുറഞ്ഞതും ആഭ്യന്തര ജീര്‍ണതകള്‍ രൂക്ഷമായതും മറികടക്കാനുള്ള ഒറ്റമൂലിയായിരുന്നു കഴിഞ്ഞ സപ്തംബറിലെ പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' പരാമര്‍ശം. എന്നാല്‍, ആ വിദ്വേഷ പ്രസംഗത്തിന് ഉപോദ്ബലകമായ തെളിവുകളോ സൂചനകളോ പോലും പുറത്തുകൊണ്ടുവരാനാവാത്തത് പാലാ ബിഷപ്പിനും അനുകൂലികള്‍ക്കും വലിയ തിരിച്ചടിയായി.
പാലാ ബിഷപ്പ് പൊട്ടിച്ചത് വര്‍ഗീയ ലക്ഷ്യങ്ങളോടെയുള്ള ഉണ്ടയില്ലാ വെടിയാണെന്ന് ബോധ്യപ്പെട്ടതോടെ അതുവരെയും പരിശുദ്ധനായി വാഴ്ത്തപ്പെട്ട മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൊതുസമൂഹത്തില്‍ കളങ്കിതനും കടുത്ത മുസ്‌ലിം വിരുദ്ധനുമായി സ്ഥാപിക്കപ്പെടുകയും ചെയ്തു. മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പരാതിയില്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുക കൂടി ചെയ്തതോടെ പാലാ ബിഷപ്പ് മൗനത്തിലൊളിച്ചു.
ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവിയുടെ ഹരജിയിലാണ് ബിഷപ്പിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. മയക്കുമരുന്നിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ കുരിശേറ്റാന്‍ ശമിച്ച ക്രിസ്ത്യന്‍ കൗണ്‍സിലിനും കെസിബിസിക്കും കാസയ്ക്കും അത്തരം കേസുകളിലെ പ്രതികളുടെ മതം തിരിച്ചുള്ള കണക്ക് നിരത്തി മുഖ്യമന്ത്രി വായടപ്പന്‍ മറുപടി നല്‍കുകയും ചെയ്തു.
നാളെ: പത്തിമടക്കേണ്ടി വന്ന പി സി ജോര്‍ജും പാതിരിമാരുടെ ചീറ്റിപ്പോയ നുണബോംബുകളും..