നെഗറ്റീവ്- വിദ്വേഷ ട്വീറ്റുകള്‍ക്ക് ഇനി റീച്ച് കിട്ടില്ല; പുതിയ ട്വിറ്റര്‍ നയം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

Update: 2022-11-19 05:37 GMT

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത് മുതല്‍ നിരവധി പരിഷ്‌കാരങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്. വെള്ളിയാഴ്ചയാണ് അദ്ദേഹം പുതിയ ട്വിറ്റര്‍ നയം പ്രഖ്യാപിച്ചത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ നയം. 'പുതിയ ട്വിറ്റര്‍ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ അത് റീച്ച് കിട്ടാനുള്ള സ്വാതന്ത്ര്യമല്ല'. വിദ്വേഷ- നെഗറ്റീവ് ഉള്ളടങ്ങള്‍ അടങ്ങിയ ട്വീറ്റുകള്‍ക്ക് ഇനി മുതല്‍ റീച്ച് കിട്ടില്ല.

അതിനാല്‍, ട്വിറ്ററിലേക്ക് പരസ്യങ്ങളോ മറ്റ് വരുമാനമോ ഉണ്ടാവില്ല. ട്വീറ്റുകളെല്ലാം പ്രത്യേകമായി സെര്‍ച്ച് ചെയ്ത് കണ്ടെത്തണമെന്നും' മസ്‌ക് ട്വീറ്റ് ചെയ്തു. അതായത് നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനി മുതല്‍ ട്വിറ്ററില്‍ വൈറലാവില്ല എന്ന് വ്യക്തം. വിദ്വേഷ- നെഗറ്റീവ് ട്വീറ്റുകള്‍ പരമാവധി ഡീ ബൂസ്റ്റ് ചെയ്യും. അത്തരം ട്വീറ്റുകളുടെ മോണിറ്റൈസേഷനും നിര്‍ത്തലാക്കും. വിദ്വേഷ ട്വീറ്റ് ആണെന്ന് സ്ഥിരീകരിച്ചാല്‍ അവ മറ്റൊരാളുടെ ഫീഡിലേക്ക് എത്തുകയില്ല.

പ്രസ്തുത ട്വീറ്റ് പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്ത് നോക്കിയാല്‍ മാത്രം കണ്ടെത്താന്‍ കഴിയുന്ന വിധം സെറ്റ് ചെയ്യുന്നതാണെന്നും മസ്‌ക് അറിയിച്ചു. നിരോധിക്കപ്പെട്ടതോ സസ്‌പെന്റ് ചെയ്തതോ ആയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മസ്‌ക് പറഞ്ഞു. വിവാദ കനേഡിയന്‍ പോഡ്കാസ്റ്റര്‍ ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍, വലത് ചായ്‌വുള്ള ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോണ്‍ ബീ, ഹാസ്യതാരം കാത്തി ഗ്രിഫിന്‍ എന്നിവരുടെ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുമെന്നും മസ്‌ക് അറിയിച്ചു.

Tags:    

Similar News